Tuesday, November 26, 2024

റഷ്യയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: ആളപായമില്ല

റഷ്യയുടെ കിഴക്കന്‍ തീരത്തെ പിടിച്ചു കുലുക്കി ഭൂചലനം. റിക്ടര്‍ സ്കെയിലി‍ല്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ചയാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമില്ലെന്നു റഷ്യന്‍ അടിയന്തരകാര്യ മന്ത്രാലയം വ്യക്തമാക്കി.

മോസ്കോയിൽ നിന്ന് ഏകദേശം 6,800 കിലോമീറ്റർ കിഴക്കുള്ള കാംചത്ക ഉപദ്വീപിന്‍റെ തെക്ക് 100 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. റഷ്യൻ അക്കാദമി ഓഫ് സയൻസസ് ജിയോഫിസിക്കൽ സർവേയുടെ കംചത്ക ബ്രാഞ്ചാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സുനാമി ഭീഷണിയില്ലെന്നു യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു.

അതേസമയം, മാധ്യമങ്ങൾ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളില്‍, ഭൂകമ്പത്തെത്തുടർന്ന് കെട്ടിടങ്ങള്‍ക്ക് നേരിയ വിള്ളലുകള്‍ രൂപപ്പെട്ടതായി വ്യക്തമാക്കുന്നു. എന്നാല്‍ സംഭവത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം. രക്ഷാപ്രവർത്തകരുടെയും അഗ്നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ കെട്ടിടങ്ങളിലുള്ള പരിശോധനകള്‍ തുടരുകയാണ്.

Latest News