Tuesday, November 26, 2024

വടക്കൻ ഫിലിപ്പീൻസിനെ നടുക്കി 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഫിലിപ്പൈൻ ദ്വീപായ ലുസോണിൽ ബുധനാഴ്ച 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിന്റെ ആഘാതത്തിൽ തലസ്ഥാന നഗരമായ മനിലയിലും ശക്തമായ ചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ വടക്കൻ പ്രവിശ്യയിലെ ഒരു ആശുപത്രിക്കും കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ഭൂചലനത്തെ തുടർന്ന് ആളുകൾ വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും ഇറങ്ങിയോടി. ഗുരുതരമായ പരിക്കുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പർവത പ്രദേശമായ അബ്ര പ്രവിശ്യയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആൻഡ് സീസ്മോളജി അറിയിച്ചു. ഭൂകമ്പത്തിൽ കെട്ടിടം ഭാഗികമായി തകരുകയും അതേ തുടർന്ന് അബ്ര പ്രവിശ്യയിലെ ഒരു ആശുപത്രി ഒഴിപ്പിക്കുകയും ചെയ്തു.

“ഞങ്ങൾ ഇപ്പോഴും തുടർചലനങ്ങൾ അനുഭവിക്കുന്നു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ല,” അബ്ര പ്രവിശ്യയിലെ ലഗാംഗിലാങ് പട്ടണത്തിലെ മേയർ റൊവെലിൻ വില്ലമോർ പറഞ്ഞു.

“ഇപ്പോൾ സംഭവിച്ചത് ഒരു വലിയ ഭൂചലനമാണ്. അബ്രയും സമീപ പ്രവിശ്യകളുമാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് അബ്രയുടെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് മനാബോ പട്ടണത്തിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂകമ്പം 30 സെക്കൻഡോ അതിൽ കൂടുതലോ നീണ്ടുനിന്നു. ഞങ്ങൾ ആളുകളിലേക്ക് എത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ തുടർചലനങ്ങൾ ഉള്ളതിനാൽ ആളുകൾ ഇപ്പോഴും അവരുടെ വീടിന് പുറത്താണ്” -സീസ്മോളജി ഏജൻസിയുടെ ഡയറക്ടർ റെനാറ്റോ സോളിഡം വ്യക്തമാക്കി.

ഏകദേശം 250,000 ആളുകൾ വസിക്കുന്ന അബ്ര വടക്കൻ ഫിലിപ്പൈൻസിലെ ഒരു ഭൂപ്രദേശമാണ്. അതിന്റെ ആഴമേറിയ താഴ്‌വരകളും ചെരിഞ്ഞ കുന്നുകളും പരുക്കൻ പർവതങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഫിലിപ്പീൻസ് പസഫിക് സമുദ്രതടത്തിലെ ‘റിംഗ് ഓഫ് ഫയർ’ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. നിരവധി ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും നടക്കുന്ന പസഫിക് സമുദ്ര തടത്തിലെ ഒരു സുപ്രധാന പ്രദേശമാണ് റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്നത്.

Latest News