അനധികൃത വാതുവയ്പ്പ് ആപ്പുകള്‍ വ്യാപമാകുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. നടപടികളുടെ ഭാഗമായി മഹാദേവ് ബുക്ക് ഓൺലൈൻ ഉൾപ്പെടെ 22 അനധികൃത വാതുവയ്പ്പ് ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി ഐ.ടി മന്ത്രാലയം അറിയിച്ചു. മഹാദേവ് വാതുവയ്പ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം നടക്കുന്നതിനിടെയാണ് ഐ.ടി മന്ത്രാലയത്തിന്റെ നടപടി.
ഇ.ഡിയുടെ ശുപാർശ പരിഗണിച്ച് ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 (എ) പ്രകാരമാണ് ഐ.ടി മന്ത്രാലയത്തിന്റെ ഉത്തരവ്. വാതുവയ്പ്പ് ആപ്പ് വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഛത്തീസ്ഗഡ് ഭരണകൂടത്തിന് വീഴ്ചയുണ്ടായതായും ഉത്തരവില്‍ പറയുന്നു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍17 -ന് നടക്കാനിരിക്കെയാണ് സര്‍ക്കാരിന്‍ന്റെ പ്രതിച്ഛായ തകര്‍ക്കുന്ന ഉത്തരവ്.
പോക്കർ, കാർഡ് ഗെയിംസ്, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി വിവിധ ഗെയിമുകളിൽ അനധികൃത ചൂതാട്ടം സാധ്യമാക്കുന്ന ഓൺലൈൻ വാതുവയ്പ്പ് പ്ലാറ്റ്‌ഫോമാണ് മഹാദേവ് ആപ്പ്. ഛത്തീസ്ഗഡ് സ്വദേശികളായ, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗരഭ് ചന്ദ്രകറും കൂട്ടാളി രവി ഉപ്പലും ചേർന്നാണ് ആപ്പ് പ്രവർത്തിപ്പിച്ചിരുന്നത്. ഇവരില്‍നിന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ 508 കോടി രൂപ കൈപ്പറ്റിയതായി ആരോപിച്ച് ഇ.ഡി രംഗത്തെത്തിയതോടെ, വാതുവയ്പ്പ് ആപ്പ് കേസ് വാർത്തകളിൽ ഇടംനേടുകയായിരുന്നു.