Thursday, May 15, 2025

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ കത്ത്

ഛത്തീസ്ഗഡിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം നാളെ അറിയാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കത്ത്. ഓൺലൈൻ വാതുവെപ്പ് ആപ്പുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. മഹാദേവ് വാതുവെപ്പ് ആപ്പ് കേസിൽ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ഭൂപേഷ് ബാഗേലിന്റെ പുതിയ നീക്കം.

ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ നടത്തുന്നവരുടെ അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം ഒഴുകുന്നത് തടയാൻ നടപടിയെടുക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. “പ്ലാറ്റ്‌ഫോമുകൾ, വെബ്, എപികെ, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഓൺലൈൻ വാതുവെപ്പിന്റെ നിയമവിരുദ്ധ ബിസിനസ്സുമായി ബന്ധപ്പെട്ട യുആർഎൽ എന്നിവയിൽ സമ്പൂർണ നിരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് കത്തെഴുതി” എക്‌സിലെ ഒരു പോസ്റ്റിൽ സിഎം ബാഗേൽ പറഞ്ഞു. നിയമവിരുദ്ധമായ വാതുവെപ്പ് ഇപ്പോൾ രാജ്യവ്യാപകമായ ഒരു ബിസിനസ് ആണെന്നും അത് വിദേശത്ത് നിന്നുള്ള ചില വ്യക്തികളും താൽപ്പര്യ ഗ്രൂപ്പുകളുമാണ് നടത്തുന്നതെന്നും രണ്ട് പേജുള്ള കത്തിൽ ബാഗേൽ ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ യുഎഇ ആസ്ഥാനമായുള്ള ആപ്പ് പ്രൊമോട്ടർമാരിൽ നിന്ന് 508 കോടി രൂപ കൈപ്പറ്റിയതായി ഇഡി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്ക് ഭൂപേഷ് ബാഗേൽ കത്ത് നൽകിയിരിക്കുന്നത്. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാന രാഷ്ട്രീയ ആയുധമായും മഹാദേവ് വാതുവെപ്പ് ആപ്പ് കേസ് ഉയര്‍ത്തിയിരുന്നു.

Latest News