Wednesday, April 2, 2025

പഞ്ചാബിന്റെ സിംഹം, മഹാരാജാ രഞ്ജിത് സിങ്

പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവാണ് മഹാരാജാ രഞ്ജിത്ത് സിങ്. പഞ്ചാബിന്റെ സിംഹം എന്നറിയപ്പെടുന്ന രജ്ജിത്ത് സിങ് നാലു പതിറ്റാണ്ടോളം സാമ്രാജ്യം ഭരിച്ചിരുന്നു. മഹാരാജ രഞ്ജിത് സിങ് 1780 നവംബര്‍ 13 ന് ഗുജ്‌റാന്‍ വാലയിലെ സുകേര്‍ചക്കിയ മിസലിന്റെ തലവനായ സര്‍ദാര്‍ മഹാന്‍ സിങിന്റെയും രാജ് കൗറിന്റെയും പുത്രനായി മദ്ധ്യ ഹരിയാനയിലെ ജിന്ദിനടുത്തുള്ള ബുദ്രുഖാന്‍ എന്ന പട്ടണത്തിലാണ് ജനിച്ചത്. അക്കാലത്ത് ‘സിഖ് ഖല്‍സ’യില്‍ പന്ത്രണ്ട് മിസലുകളായി (സംഘങ്ങള്‍) സിഖുകാര്‍ സംഘടിച്ചായിരുന്നു പ്രവര്‍ത്തനം നടത്തിയിരുന്നത്.

1790 ല്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പത്താം വയസ്സില്‍ സുകേര്‍ചക്കിയ മിസലിന്റെ നേതൃത്വം ഏറ്റെടുത്ത രഞ്ജിത് സിങ് 1799-ല്‍ ദുറാനി അഫ്ഗാന്‍ സാമ്രാജ്യത്തിന്റെ പ്രതിനിധിയായി ലാഹോറില്‍ ഭരണത്തിലേറി. ദുറാനി സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചതോടെ അവസരം മുതലെടുത്ത രഞ്ജിത് സിങ് സിന്ധുവിനും സത്‌ലജിനും മധ്യേയുള്ള വടക്കന്‍ പഞ്ചാബ് മുഴുവന്‍ 1818-ഓടെ തന്റെ അധികാരത്തിന് കീഴിലാക്കി. സൈനികമായി ശക്തിയാര്‍ജ്ജിച്ച സിഖുകാര്‍ പിന്നീട് കാശ്മീര്‍, മുല്‍ത്താന്‍, ദേരാജാത്, പെഷവാര്‍ താഴ്വര തുടങ്ങിയ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. മഹാരാജ രഞ്ജിത് സിങിന് തന്റെ നാല് പതിറ്റാണ്ട് ഭരണകാലത്തിനിടയില്‍ സാമ്രാജ്യത്തിന്റെ വിസ്തൃതി അഞ്ചു ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.

1839 ജൂണ്‍ 27 ന് മഹാരാജാ രഞ്ജിത് സിങ് മരണമടഞ്ഞതിന് ശേഷം അധികാരത്തിനായി അന്തപ്പുരത്തില്‍ അരങ്ങേറിയ തര്‍ക്കങ്ങള്‍ ലാഹോറില്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുകയും, ആ അധികാര വടംവലി സാമ്രജ്യത്തിന്റെ അസ്തമയത്തിന് തന്നെ കാരണമായി തീരുകയും ചെയ്തു. രഞ്ജിത്ത് സിങിന്റെ കാലശേഷം കഴിവുറ്റ ഒരു ഭരണാധികാരിയില്ലാത്തതിനാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ സാമ്രാജ്യം ബ്രിട്ടീഷുകാരുടെ ആധിപത്യത്തിലായി.

അന്ധതയും നിരക്ഷരതയും തടസ്സമാകാത്ത ഭരണം

ചെറുപ്പത്തില്‍ വസൂരി ബാധിച്ച് മഹാരാജ രഞ്ജിത് സിങിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായും യൂറോപ്യന്‍ കൃതികളനുസരിച്ച് അദ്ദേഹം നിരക്ഷരനായിരുന്നു എന്നുമാണ് പറയപ്പെടുന്നത്. അതൊക്കെയും ശരിയായിരുന്നാല്‍ തന്നെയും അദ്ദേഹത്തിന്റെ ജനക്ഷേമ ഭരണത്തിന് അവയൊന്നും തടസമായിരുന്നില്ല എന്നതാണ് സത്യം. ജന്മനാ നേതൃശേഷിയും ബുദ്ധികൂര്‍മ്മതയും അസാമാന്യ ഓര്‍മശേഷിയും പ്രകടിപ്പിച്ചിരുന്ന രഞ്ജിത് സിങിന്റെ ഭരണകാലത്ത് നിരവധി ഭരണപരിഷ്‌കാരണങ്ങളാണ് നടപ്പിലാക്കിയത്. രാജ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്ന അദ്ദേഹം പ്രജകളോട് സൗഹാര്‍ദപരമായി ഇടപെടുകയും ശത്രുക്കളോടും അവരുടെ കുടുബാംഗങ്ങളോടു പോലും ദയ കാട്ടുകയും ചെയ്തതായും പറയപ്പെടുന്നു. നികുതി കണക്കുകളെല്ലാം അദ്ദേഹം കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുകയും എല്ലാ മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തുകയും ചെയ്തിരുന്നു.

ബിബിസി തിരഞ്ഞെടുത്ത നേതാവ്

2020 ല്‍ ബിബിസി വേള്‍ഡ് ഹിസ്റ്ററി മാഗസിന്‍ നടത്തിയ വോട്ടിംഗില്‍ മഹാരാജാ രജ്ജിത്ത് സിങ് മികച്ച ലോകനേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവരെ പിന്തള്ളിയായിരുന്നു അത്. 5000 വായനക്കാരുടെ പിന്തുണയോടെ 38 ശതമാനം വോട്ടുകളാണ് മഹാരാജാ രജ്ജിത്ത് സിങിന് ലഭിച്ചത്. 21 നൂറ്റാണ്ടിലും അദ്ദേഹത്തിന്റെ ആശയങ്ങളും ഗുണങ്ങളും ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ വോട്ടിംങ് ഫലമെന്ന് ബിബിസി വിലയിരുത്തുകയും ചെയ്തിരുന്നു.

മഹാരാജാ രഞ്ജിത്ത് സിങ് മ്യൂസിയം

അമൃത്സറിലെ മനോഹരമായ റാംബാഗ് പൂന്തോട്ടത്തിനുള്ളിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. മുമ്പ് മഹാരാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്ന ഇവിടം പിന്നീട് വിശാലമായ മ്യൂസിയമാക്കുകയായിരുന്നു. വലതുഭാഗത്തുള്ള കോട്ട പോലെയുള്ള വാതില്‍ വഴിയാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശനം. മുഗള്‍ രാജഭരണ കാലത്തെ ആയുധങ്ങളും പടക്കോപ്പുകളും നാണയങ്ങളും ലിഖിതങ്ങളുമൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് ഭരിച്ചിരുന്ന രാജാക്കന്‍മാരുടെയും മന്ത്രിസഭയുടെയും കോടതിയുമെല്ലാം ഓയില്‍ പെയിന്റിംഗുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിശ്വപ്രസിദ്ധമായ കോഹിനൂര്‍ രത്‌നത്തിന്റെ മാതൃകയും മഹാരാജാ രഞ്ജിത്ത് സിങ് കപൂര്‍ത്തലയിലെ രാജാവിന് അയച്ച രാജശാസനയുടെ പകര്‍പ്പുമാണ് മറ്റൊരു ആകര്‍ഷണം.

രഞ്ജിത്ത് സിംങിന്റെ ഭാര്യയുടെ മാല

സിഖ് രാജാവായിരുന്ന മഹാരാജാ രഞ്ജിത് സിങിന്റെ ഭാര്യ മഹാറാണി ജിന്ദന്‍ കൗര്‍ അണിഞ്ഞിരുന്ന നെക്ലേസ് ലേലത്തില്‍ വിറ്റുപോയത് 1.7 കോടി രൂപയ്ക്കാണ്. ജിന്ദന്‍ കൗര്‍ രഞ്ജിത് സിങിന്റെ ഭാര്യമാരില്‍ സതി അനുഷ്ഠിക്കാത്ത ഒരേയൊരാളായിരുന്നു. മരതകവും മുത്തുകളും ചേര്‍ത്ത് നിര്‍മ്മിച്ച നെക്ലേസാണ് വന്‍തുകയ്ക്ക് വിറ്റുപോയത്. 80,000 മുതല്‍ 1,20,000 പൗണ്ട് വരെയായിരുന്നു നെക്ലേസിന് കണക്കാക്കിയിരുന്ന മൂല്യം. 1843ല്‍ അഞ്ചുവയസുകാരനായ മകന്‍ ദുല്‍ദീപ് സിങ്ങിന് വേണ്ടി റീജന്റായി രാജ്യം ഭരിക്കവേയാണ് ജിന്ദന്‍ കൗറിനു നേരെ ബ്രിട്ടീഷ് ആക്രമണം ഉണ്ടായത്. ബ്രിട്ടീഷുകാരുടെ തടവറയില്‍ നിന്ന് രക്ഷപെട്ട് നേപ്പാളിലേക്ക് പോയ ജിന്ദന്‍ കൗറിനെ അവിടുത്തെ രാജാവ് വീട്ടുതടങ്കലിലാക്കിയെന്നാണ് ചരിത്രം. അവിടെനിന്ന് രക്ഷപെട്ട് ലണ്ടനിലേക്ക് എത്തിയപ്പോഴാണ് സ്വന്തം മകനെയും തന്റെ ആഭരണശേഖരവും ജിന്ദന്‍ കൗറിന് തിരികെക്കിട്ടിയത്. ലേലത്തില്‍ സ്വര്‍ണനൂലാല്‍ ചിത്രപ്പണികള്‍ ചെയ്ത് വെല്‍വറ്റ് പിടിയോട് കൂടിയ ആവനാഴിയും ഉണ്ടായിരുന്നു. ഇത് രഞ്ജിത് സിങ് 1838ല്‍ അദ്ദേഹത്തിന്റെ മൂത്ത മകന്റെ വിവാഹവേളയില്‍ അണിഞ്ഞതാണ്.

മഹാരാജ രഞ്ജിത്ത് സിംഗ് അവാര്‍ഡ്

കായികരംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്ക് പഞ്ചാബ് ഗവണ്മെന്റ് നല്‍കി വരുന്ന പുരസ്‌കാരമാണ് മഹാരാജ രഞ്ജിത്ത് സിങ് പുരസ്‌കാരം. ഒളിമ്പിക്‌സ്, മറ്റു ദേശീയ-അന്തര്‍ദേശീയ രംഗങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുക. മഹാരാജ രഞ്ജിത്ത് സിങിന്റെ ചിത്രം പതിപ്പിച്ച ഒരു ട്രോഫിയും, ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ആദ്യമായി ഈ പുരസ്‌കാരം ലഭിച്ചത് ഒളിമ്പ്യന്‍ പര്‍ഗട്ട് സിംഗിനാണ്.

Latest News