മേവാറിലെ പതിമൂന്നാം രജപുത്ര രാജാവായിരുന്നു മഹാറാണ പ്രതാപ്. 1540 മെയ് മാസം 9 ാം തീയതി മേവാറില്‍ ഉദയ് സിംഗ് രണ്ടാമന്റെയും റാണി ജയ്വന്ത ഭായിയുടെയും പുത്രനായിട്ടായിരുന്നു പ്രതാപ് സിംഗിന്റെ ജനനം. പിതാവായ ഉദയ് സിംഗിന്റെ മരണത്തെ തുടര്‍ന്ന് 1572ല്‍ പ്രതാപ് സിംഗ് മേവാറിലെ മഹാരാജാവായി അധികാരമേറ്റെടുത്തു. തുടര്‍ന്ന് മികവുറ്റ ഭരണത്തിലൂടെയും ശക്തമായ സൈന്യ സംവിധാനത്തിലൂടെയും അദ്ദേഹം ജനങ്ങള്‍ക്ക് പ്രിയങ്കരനായി. മുഗള്‍ രാജക്കന്മാര്‍ക്കെതിരെ ധീരമായി പട നയിച്ച റാണാ പ്രതാപിന്റെ മുഖ്യ എതിരാളി അക്ബര്‍ ആയിരുന്നു. ജീവിച്ചിരുന്ന കാലത്ത് മഹാറാണാ പ്രതാപിന്റെ സാമ്രാജ്യത്തെ കീഴടക്കാന്‍ അക്ബറിന് സാധിച്ചില്ല എന്നു മാത്രമല്ല പല യുദ്ധങ്ങളിലും പരാജയമടയേണ്ടി വരികയും ചെയ്തു.
അക്ബറുമായുള്ള ഹാല്‍ഡിഘട്ട് യുദ്ധം
1576 ജൂണ്‍ 18 മുതല്‍ 21 വരെ നീണ്ട യുദ്ധമാണ് വിശ്വ പ്രസിദ്ധമായ ഘല്‍ഡിഘട്ട് യുദ്ധം. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറുമായി നടന്ന ഹാല്‍ഡിഘട്ട് യുദ്ധം മഹാറാണാ പ്രതാപിന്റെ പോരാട്ട വീര്യത്തിന്റെ മികവില്‍ ചരിത്രത്തിന്റെ ഭാഗമായി. അക്ബര്‍ മഹാറാണാ പ്രതാപിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തു. എന്നാല്‍ അക്ബറുടെ ഭീഷണികള്‍ക്ക് മുന്നില്‍ മഹാറാണാ പ്രതാപ് കീഴടങ്ങിയില്ല. രാജ്യസ്നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായിരുന്ന ആ യുവരാജാവിന് അക്ബര്‍ സാമന്തരാജ പദവി വാഗ്ദാനം ചെയ്തുവെങ്കിലും റാണാ പ്രതാപ് അത് നിരസിച്ചു. തന്റെ രാജ്യത്തിന്റെ പരമാധികാരി താനാണെന്നും അത് ചോദ്യം ചെയ്യുന്നവര്‍ മൃത്യുവെ വെല്ലുവിളിക്കുകയാണെന്നും റാണാ പ്രതാപ് പ്രഖ്യാപിച്ചു.
തുടര്‍ന്ന് നടന്ന ഹാല്‍ഡിഘട്ട് യുദ്ധത്തില്‍ എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും മഹാറാണാ പ്രതാപിന്റെ സൈന്യം മുഗള്‍ സൈന്യത്തോട് ശക്തമായി പോരാടി. ഒടുവില്‍ രജപുത്ര സൈന്യം പരാജയപ്പെട്ടുവെങ്കിലും മഹാറാണാ പ്രതാപിനെ പിടികൂടാന്‍ അക്ബറുടെ സൈന്യത്തിന് സാധിച്ചില്ല. പിന്നീടും ഒളിയുദ്ധമുറകളിലൂടെയും മിന്നലാക്രമണങ്ങളിലൂടെയും നിരന്തരം മുഗള്‍ സാമ്രാജ്യത്തെ വെല്ലുവിളിക്കാന്‍ മഹാറാണാ പ്രതാപിന് സാധിച്ചു. ഹാല്‍ഡിഘട്ട് യുദ്ധത്തില്‍ നഷ്ടമായ പല പ്രവിശ്യകളും പിന്നീട് മഹാറാണാ പ്രതാപ് തിരിച്ചു പിടിച്ചതായി ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു.
ചേതക് എന്ന കുതിര
ആനപ്പുറത്തേറിയെത്തിയ മുഗളന്മാര്‍ ചേതക് എന്ന തന്റെ കുതിരയുടെ പുറത്തേറിയെത്തിയ റാണാ പ്രതാപിനെ പൂര്‍ണ്ണതോല്‍വി പറഞ്ഞു മടക്കി. പക്ഷേ ആ യുദ്ധത്തില്‍ ഒറ്റയ്ക്കു പോരാടിയ പ്രതാപ് സിംഗിന് മാരകമായ മുറിവേക്കുകയും, മേവാറിന്റെ സൈന്യത്തിനു വളരെയേറെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. റാണാ പ്രതാപിന്റെ ആഴത്തിലുള്ള മുറിവു കാരണം ചോര വാര്‍ന്ന് അവശനായ അദ്ദേഹത്തിന്റെ കാഴ്ച ശക്തി കുറയുകയും അതുമനസ്സിലാക്കിയ ചേതക് അദ്ദേഹത്തേയും കൊണ്ട് അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. പക്ഷേ ചാരന്മാരായി പിന്തുടര്‍ന്ന മുഗളന്മാര്‍ അദ്ദേഹത്തെ കണ്ടു പിടിക്കുകയും ചോര വര്‍ന്ന് അവശനായ അദ്ദേഹത്തോട് വീണ്ടും ഏറ്റുമുട്ടുകയും ചെയ്തു. പക്ഷേ ഇതിനോടകം മേവാര്‍ മുഗളര്‍ പിടിച്ചെടുത്തിരുന്നു. വീണ്ടുമുണ്ടായ യുദ്ധത്തില്‍ മുഗളരെ തോല്‍പ്പിക്കുകയും മേവാറും, കൂട്ടത്തില്‍ പല രജപുത്രരാജ്യങ്ങളും റാണാ പ്രതാപ് സിംഗ് തന്റെ രാജ്യത്തോട് ചേര്‍ത്ത് രാജ്യം കൂടുതല്‍ സമ്പന്നമാക്കുകയുണ്ടായി.
അന്ത്യം
വേട്ടയ്ക്കിടെ മാരകമായി പരിക്കേറ്റ മഹാറാണാ പ്രതാപ് 1597 ജനുവരി 19ന് 56 ാം വയസ്സില്‍ അന്തരിച്ചു. സംസ്‌കാരം വണ്‍ടോലി എന്ന ഗ്രാമത്തില്‍ നടന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ അമര്‍ സിംഗ് ഒന്നാമന്‍ മേവാറിലെ മഹാരാജാവായി.
മഹാറാണാ പ്രതാപ് മെമ്മോറിയല്‍
ഉദയ്പൂരിലെ ഫതേഹ്സാഗര്‍ തടാക തീരത്തുള്ള മോട്ടി മാഗ്രി അല്ലെങ്കില്‍ പേള്‍ ഹില്‍ എന്നറിയപ്പെടുന്ന കുന്നിന്‍മുകളിലാണ് മഹാറാണാ പ്രതാപ് മെമ്മോറിയല്‍ സ്ഥിതി ചെയ്യുന്നത്. വീര യോദ്ധാവായ മഹാറാണാ പ്രതാപ് തന്റെ പ്രിയ കുതിരയായ ചേതകിന്റെ പുറത്തേറി നില്‍ക്കുന്ന പ്രതിമയാണ് ഇവിടത്തെ ആകര്‍ഷണം. ഈ കുന്നിന്‍മുകളില്‍ തന്നെ ജാപ്പാനീസ് റോക്ക് ഗാര്‍ഡനുമുണ്ട്. ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം.