Sunday, April 13, 2025

കോവിഡ് മരണക്കണക്ക് പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം; ഒന്നാമത് മഹാരാഷ്ട്ര, രണ്ടാമത് കേരളം

രാജ്യത്ത് ഇതുവരെ 5,26,211 പേര്‍ കോവിഡ് ബാധിതരായി മരിച്ചതായി ആരോഗ്യമന്ത്രാലയം. ഇക്കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണ് കോണ്‍ഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഒരു ഘട്ടത്തില്‍ കോവിഡ് രോഗികളേറെയുണ്ടായിരുന്ന മഹാരാഷ്ട്രയിലാണ്.

സംസ്ഥാനത്ത് 1,48,088 പേര്‍ മരിച്ചെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മരണ കണക്കില്‍ കേരളമാണ് രണ്ടാമത്. എഴുപതിനായിരത്തി നാനൂറ്റി ഇരുപത്തിനാല് പേര്‍ കേരളത്തില്‍ കോവിഡ് ബാധിതരായി മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിച്ചത്.

അതേ സമയം ഒരിടവേളത്ത് ശേഷം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടാകുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 17,135 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി ഉയര്‍ന്നു. 3.69 ശതമാനമാണ് ടിപിആര്‍. 24 മണിക്കൂറിനിടെ 47 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 19,823 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആയി. 98.49 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.

 

Latest News