ഏണസ്റ്റ് ആൻഡ് യങ്(ഇവൈ) കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിലിരിക്കെ മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തെ തുടർന്ന് ഇവൈ ഓഫീസിൽ മഹാരാഷ്ട്ര തൊഴിൽവകുപ്പിന്റെ പരിശോധന. വിവര ശേഖരണത്തിനും തൊഴിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുമായി ആണ് തൊഴിൽവകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
അന്നയുമായി ബന്ധപ്പെട്ട വിവിധ രേഖകൾ ഓഫീസിലെത്തി പരിശോധിച്ച സംഘം ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടതായി പുനെ അഡീഷണൽ ലേബർ കമ്മിഷണർ ശൈലേന്ദ്ര പോൾ വ്യക്തമാക്കി. ആവശ്യമായ എല്ലാ വിവരങ്ങളും ലഭിച്ചു കഴിഞ്ഞാൽ കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും അതിനുശേഷം അവർ തുടർ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും പോൾ പറഞ്ഞു.
അന്നയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. അമിത ജോലിഭാരം മൂലമാണ് അന്ന മരിച്ചതെന്ന മാതാപിതാക്കളുടെ ആരോപണത്തെ തുടർന്നായിരുന്നു കമ്മീഷന്റെ നടപടി.