Sunday, November 24, 2024

ബുര്‍കീനോ ഫാസയിലെ മരണവാര്‍ത്തകള്‍ മാധ്യമങ്ങള്‍ വിസ്മരിക്കുന്നു

ബുര്‍കീനോ ഫാസയില്‍ അധികാരത്തിലിരിക്കുന്ന സൈനീക ഭരണകൂടത്തിന്റെ കൊടും ക്രൂരതയില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുന്നുവെങ്കിലും ആഗോള മുഖ്യധാരാ മാധ്യമങ്ങള്‍ അവയൊന്നും പ്രസിദ്ധീകരിക്കുവാന്‍ തയാറാവുന്നില്ലെന്ന് സ്വതന്ത്രമാധ്യമ ശാഖയായ ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു.

മെയ് മാസം ആറാം തീയതി മൗലൗങ്കൗ ഗ്രാമത്തിലെ 21പേരെയും, ടാംബി ബൗണിമ ഗ്രാമത്തിലെ 130 ആളുകളെയുമാണ് കാരണങ്ങളൊന്നും കൂടാതെ കൊലപ്പെടുത്തിയത്. ഇവരില്‍ നിരവധി ഗര്‍ഭിണികളും, കുട്ടികളും, പ്രായമായവരുമൊക്കെ ഉള്‍പ്പെടുന്നു.

ദരിദ്രരും, കര്‍ഷകരും, ക്രിസ്ത്യാനികളുമായ ആളുകളാണ് ഇവരെല്ലാവരും. രാജ്യത്തെ വിവിധ ഗ്രാമങ്ങളിലും, തെരുവുകളിലും കൊല്ലപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ വര്‍ധിച്ചതായും ഏജന്‍സി വെളിപ്പെടുത്തുന്നു. പല കൊലപാതകങ്ങള്‍ക്കും സാക്ഷികള്‍ ഉണ്ടെങ്കില്‍ തന്നെയും, അവര്‍ക്കൊന്നും വെളിയില്‍ ശബ്ദിക്കുവാന്‍ സാധിക്കാത്ത തരത്തിലാണ് സൈനീകഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജിഹാദിസ്റ്റ് സായുധ സംഘങ്ങളിലേക്കു ബന്ദികളാക്കപ്പെടുന്നവരെ നിര്‍ബന്ധപൂര്‍വം കടത്തുന്നതും, രാജ്യത്ത് പതിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ നവംബര്‍ മുതല്‍, യൂറോപ്യന്‍ യൂണിയന്‍ ബുര്‍ക്കിന ഫാസോയിലെ സൈനിക അധികാരികളോട്, സാധാരണക്കാരുടെ കൊലപാതകങ്ങളില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇതുവരെ ഭരണകൂടം മറുപടികള്‍ നല്‍കിയിട്ടില്ല.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

Latest News