Sunday, November 24, 2024

പരസ്പരം പോര്‍മുഖം കടുപ്പിച്ച് ഇസ്രായേലും ഹിസ്ബുള്ളയും

ഇസ്രായേലില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതല്‍ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് ലെബനന്‍ ആസ്ഥാനമായ സായുധസംഘം ഹിസ്ബുള്ളയുടെ നേതാവ് ഹസന്‍ നസ്‌റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോര്‍മുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേലും ഹിസ്ബുള്ളയും. ഇതുവരെയുണ്ടായതില്‍ ഏറ്റവും ശക്തമായ ആക്രമണമാണ് ഹിസ്ബുള്ള ഞായറാഴ്ച ഇസ്രയേലില്‍ നടത്തിയത്.

സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രായേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തില്‍ തൃപ്തനാണെന്നാണ് നസ്‌റല്ല പറഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേലും വ്യോമാക്രമണം നടത്തിയിരുന്നു.

ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെ പ്രകീര്‍ത്തിച്ച് ഹൂതികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രതികരം പുറകെവരുമെന്ന മുന്നറിയിപ്പും ഹൂതികള്‍ ഇസ്രായേലിന് നല്‍കി. ഹിസ്ബുള്ള വാക്കുപാലിച്ചു. ശത്രുക്കള്‍ക്ക് കാര്യമായി മുറിവുപറ്റിയിട്ടുണ്ട്. പ്രതിരോധ മുന്നണിക്ക് കരുത്തും ശേഷിയുമുണ്ടെന്ന് വ്യക്തമാണ്. യമനില്‍നിന്നുള്ള പ്രതികരണത്തിന് കാത്തുകൊള്ളുക. സയണിസ്റ്റ് രാഷ്ട്രം ചെയ്യുന്ന അതിക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന തങ്ങളുടെ മുന്നറിയിപ്പ് സത്യമാണെന്ന് വരുന്ന രാപ്പകലുകള്‍ തെളിയിക്കുമെന്നും അവര്‍ പറഞ്ഞു.

അക്രമത്തിന് പിന്നാലെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് അടുത്ത 48 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു. വടക്കന്‍ ഇസ്രയേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നുണ്ടെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പ്പതോളം മിസൈലുകളാണ് ഇസ്രയേല്‍ ലെബനനിലേക്ക് വിക്ഷേപിച്ചത്. അതേസമയം ഗസ്സയിലെ വെടിനിര്‍ത്തലില്‍ തുടര്‍ ചര്‍ച്ചകള്‍ കെയ്‌റോയില്‍ നടക്കും.

 

Latest News