ഇസ്രായേലിലെ പൊതുജനങ്ങളിൽ ഭൂരിഭാഗവും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് ബെൻ-ഗുറിയോൺ യൂണിവേഴ്സിറ്റി ഓഫ് നെഗേവിലെ (ബി. ജി. യു.) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് പോളിസി റിസർച്ചിൽ നിന്നുള്ള പുതിയ സർവേ. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, സമൂഹം, ആരോഗ്യം എന്നിവയിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചുള്ള അവരുടെ അറിവും മനോഭാവവും സംബന്ധിച്ച് ഇസ്രായേലിലെ 1,180 ആളുകളിലാണ് പഠനം നടത്തിയത്.
ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് സ്റ്റഡീസിലെ ഡോ. യോസി ഡേവിഡ്, ബി. ജി. യു. വിൽ നിന്നുള്ള കാലാവസ്ഥാ ഗവേഷകൻ ഡോ. അവ്‌നർ ഗ്രോസുമായി ചേർന്നു നടത്തിയ പഠനം, 2024 ജൂൺ 26-30 നിടയിലാണ് നടന്നത്. സർവേയിൽ പങ്കെടുത്തവരിൽ മൂന്നിലൊന്നുപേരും പരിസ്ഥിതി സംരക്ഷണത്തിനായി തങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്താൻ തയ്യാറാണെന്നു സൂചിപ്പിച്ചു. 36% പേർ മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണം കുറച്ച് കഴിക്കാൻ തയ്യാറാണെന്നും 33% പേർ പൊതുഗതാഗതത്തിലൂടെ കൂടുതൽ യാത്ര ചെയ്യാൻ തയ്യാറാണെന്നും 24% കുറഞ്ഞ വിമാനത്തിൽ യാത്ര ചെയ്യാൻ തയ്യാറാണെന്നും 13% പേർ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഉയർന്ന നികുതി നൽകാൻ തയ്യാറാണെന്നും പറഞ്ഞു.
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതുപോലുള്ള മനുഷ്യപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന വർധിച്ച വായൂമലിനീകരണത്തെക്കുറിച്ച് ഇസ്രായേലി പൊതുജനങ്ങളിൽ ഭൂരിഭാഗവും ആശങ്കാകുലരാണെന്ന് സർവേയിൽ നിന്നുള്ള ഒരു സുപ്രധാന കണ്ടെത്തൽ കാണിക്കുന്നു. എന്നിരുന്നാലും, കാലാവസ്ഥയെ ബാധിക്കുന്ന തീ, ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിസംഭവങ്ങളെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിക്കുന്നു.
“സർക്കാർ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതിനെക്കാൾ പൊതുജനങ്ങൾ അവരുടെ ശീലങ്ങൾ മാറ്റാൻ മുമ്പത്തേക്കാൾ കൂടുതൽ തയ്യാറാണെന്നു തോന്നുന്നു” – ബി. ജി. യു. വിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് പോളിസി റിസർച്ച് മേധാവിയും മുൻ പരിസ്ഥിതിസംരക്ഷണ മന്ത്രിയുമായ ടമർ സാൻഡ്‌ബെർഗ് പറഞ്ഞു.
ഭൂരിഭാഗം ഇസ്രായേലികളും വിശ്വസിക്കുന്നത് മനുഷ്യരാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നതെന്നാണ്. എന്നാൽ, മറ്റു ഘടകങ്ങളും ഇതിൽ സ്വാധീനം ചെലുത്തുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾക്കുപിന്നിൽ സാമ്പത്തികതാൽപര്യങ്ങളുണ്ടെന്ന് 62% വിശ്വസിക്കുന്നു; 58% ആളുകൾ രാഷ്ട്രീയതാൽപര്യങ്ങളുണ്ടെന്നും.
എല്ലാ രാഷ്ട്രീയപശ്ചാത്തലങ്ങളിൽ നിന്നുമുള്ള ഇസ്രായേലി പൊതുജനങ്ങളിൽ ഭൂരിഭാഗവും (63%) ശാസ്ത്രത്തിൽ ഉയർന്ന വിശ്വാസമുണ്ടെങ്കിലും സോഷ്യൽ മീഡിയയെ വിശ്വസിക്കുന്നില്ല. സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലുമുള്ള വിശ്വാസം പ്രധാനമാണെങ്കിലും (59%), 40% പേർ പരിസ്ഥിതിസംരക്ഷണ മന്ത്രാലയത്തിൽ വിശ്വാസം പ്രകടിപ്പിച്ചു. 14% പേർ മാത്രമാണ് സോഷ്യൽ മീഡിയയിൽ വിശ്വാസം പ്രകടിപ്പിച്ചത്.