Tuesday, November 26, 2024

കേരളാ ബാങ്കില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കും ലയിക്കും

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഹൈക്കോടതി ഉത്തരവ് വന്നതിനെ തുടർന്നാണ് നടപടികൾ പൂർണ്ണമായത്. ഇതോടെ കേരളത്തിലെ 14 ജില്ലകളും കേരളബാങ്കിന്റെ ഭാഗമായി.

സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാകണം ഇതെന്നായിരുന്നു ആര്‍. ബി. ഐയുടെ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ മലപ്പുറം ജില്ലാ ബാങ്ക് ലയന അനുകൂലമായ പ്രമേയം പാസ്സാക്കുന്നതില്‍ നിന്ന് പിന്മാറി. പക്ഷെ മറ്റ് ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുകയും കേരള ബാങ്ക് രൂപീകൃതമാകുകയും ചെയ്യുകയായിരുന്നു.

അതേസമയം മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കാൻ സംസ്ഥാന സർക്കാർ നിയമപരമായ നടപടികൾ സ്വീകരിച്ച് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി അംഗസംഘങ്ങൾക്ക്‌ സഹകരണ രജിസ്‌ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്‌ത്‌ മലപ്പുറം ജില്ലാ ബാങ്ക്‌ പ്രസിഡന്റും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നൽകിയ ഹർജിയും തീര്‍പ്പാക്കിയ ഹൈക്കോടതി ലയനത്തിന് അനുമതി നല്‍കുകയായിരുന്നു.

Latest News