പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായാല്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മലയാണ്മ’ എന്ന പേരില്‍ മലയാളം മിഷന്‍ സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാക്കിയും സിവില്‍ സര്‍വീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പിഎസ്സി പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ തീരുമാനിച്ചത്.
കെഎഎസ് പ്രവേശനത്തില്‍ മലയാളം അഭിരുചി പരിശോധിക്കപ്പെടുന്നെന്ന് ഉറപ്പാക്കി. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ മലയാള പ്രാവീണ്യം പരിശോധിക്കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവരെ മാത്രം ഉദ്ദേശിച്ചല്ല, കേരളത്തില്‍ നിന്നുള്ള മലയാളം അറിയാത്തവരെക്കൂടി ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ മലയാളം അല്ലാത്ത ഭാഷകള്‍ മാതൃഭാഷയായിട്ടുള്ള നിരവധിപേരുണ്ട്. അവരേയും അവരുടെ ഭാഷയേയും അരികവത്കരിച്ചാകില്ല മലയാളത്തെ അഭിവൃദ്ധിപ്പെടുത്തുന്നത്. കേരളത്തിലുള്ള ഭാഷാ ന്യൂനപക്ഷങ്ങളെ ചേര്‍ത്തു പിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.