Sunday, November 24, 2024

ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടംപിടിച്ച് ‘ദി ഫെയ്സ് ഓഫ് ദി ഫെയ്‌സ്ലെസ്’

ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യത പട്ടികയില്‍ ഇടം പിടിച്ചു. 1995ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിത കഥ പറയുന്ന ചിത്രം അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്. പട്ടികയില്‍ ഇതുവരെ ഇടംപിടിച്ചിരിക്കുന്നത് 94 ഗാനങ്ങളാണ്.

‘ഏക് സപ്നാ മേരാ സുഹാന’, ‘ജല്‍താ ഹേ സൂരജ്’, മധ്യപ്രദേശിലെ ഗോത്രവര്‍ഗവിഭാഗത്തിന്റെ തനിമയില്‍ തയ്യാറാക്കിയ പാട്ടുകളാണ് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസി’ല്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇരുപത്തിയൊന്നാം വയസില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ കഥയാണ് ചിത്രം പറയുന്നത്. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി.

വിന്‍സി അലോഷ്യസാണ് റാണി മരിയയായി എത്തുന്നത്. ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിന്‍സി അലോഷ്യസിന് മികച്ച നടിക്കും സംവിധായകന്‍ ഷൈസണ്‍ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാര്‍ഡുകള്‍ ലഭിച്ചു. പാരീസ് സിനി ഫിയസ്റ്റയില്‍ ‘ബെസ്റ്റ് വുമന്‍സ് ഫിലിം ‘പുരസ്‌കാരവും കാനഡയിലെ ടൊറന്റോ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ ‘ബെസ്റ്റ് ഹ്യൂമന്‍ റൈറ്‌സ് ഫിലിം’പുരസ്‌കാരവും ‘നേടിയത് ഉള്‍പ്പെടെ മുപ്പതോളം രാജ്യാന്തര പുരസ്‌കാരങ്ങള്‍ സിനിമ കരസ്ഥമാക്കി.

 

Latest News