Tuesday, November 26, 2024

ഓറഞ്ചിന്റെ മറവില്‍ 1476 കോടി രൂപയുടെ ലഹരിക്കടത്ത്; മലയാളി മുംബൈയില്‍ പിടിയില്‍

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി പിടിയില്‍. എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസാണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് പ്രതിയെ പിടികൂടിതയത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന പേരിലാണ് 1476 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ എത്തിച്ചത്. 198 കിലോ വീര്യം കൂടിയ ക്രിസ്റ്റല്‍ മെത്ത്, 9 കിലോ കൊക്കൈയ്ന്‍ എന്നീ ലഹരി മരുന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡിആര്‍ഐ പിടികൂടിയത്. വലന്‍സിയ ഓറഞ്ച് എന്ന പേരിലാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ നിന്ന് ലഹരി മരുന്ന് എത്തിച്ചത്.

ഓറഞ്ചിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇതെന്ന് ഡിആര്‍ഐ വ്യക്തമാക്കി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡിആര്‍ഐ കസ്റ്റഡിയില്‍ വാങ്ങി.

മറ്റൊരു പ്രതി മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം ആരംഭിച്ചു. മുന്‍പ് പലവട്ടം മന്‍സൂറുമായി ചേര്‍ന്ന് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. 70,30 അനുപാതത്തിലാണ് ലാഭം പങ്കുവച്ചിരുന്നത്. മന്‍സൂര്‍ ഒളിവിലാണ്. കോവിഡ് കാലത്ത് ദുബായിലേക്ക് മാസ്‌ക് കയറ്റി അയച്ചുള്ള കച്ചവടത്തിലൂടെയാണ് ഇരുവരും സൗഹൃദം തുടങ്ങുന്നതെന്ന് ഡിആര്‍ഐ പറയുന്നു.

ഉദ്യോഗസ്ഥരുടെ പരിശോധനയില്‍നിന്ന് രക്ഷപ്പെടുന്നതിനായി പര്‍ച്ചേസ് ഓര്‍ഡര്‍ ഉണ്ടാകില്ല. ലാഭത്തിന്റെ 70% വിജിനും30% മന്‍സൂറുമാണ് പങ്കിട്ട് എടുത്തിരുന്നതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിന്റെ സഹോദരനും യമ്മി ഇന്റര്‍നാഷണല്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിന്റെ സഹ ഉടമയുമായ ജിബിന്‍ വര്‍ഗീസിനെ കേന്ദീകരിച്ചും അന്വേഷണം തുടരുകയാണ്.

 

Latest News