Sunday, November 24, 2024

മലയാളി ഫ്രം ഇന്‍ഡ്യ

റിലീസ് ദിവസം തന്നെ വേറെ ഏതെങ്കിലും ഒരു സിനിമ കണ്ടതായി എനിക്ക് ഓര്‍മ്മയില്ല. ‘മലയാളി ഫ്രം ഇന്‍ഡ്യ’ വൈകുന്നേരം കണ്ട് ഇറങ്ങുമ്പോള്‍, ഉടനെ തന്നെ അതിനെപ്പറ്റി എഴുതാന്‍ ഞാന്‍ വിചാരിച്ചിരുന്നേയില്ല. പക്ഷേ ജീന്‍ പോള്‍ ലാല്‍ നിവിന്‍ പോളിയെ ഉദാഹരിച്ചത് കണ്ടപ്പോള്‍ തോന്നി ഇത് പറഞ്ഞിട്ട് തന്നെ കാര്യം എന്ന്.

‘എന്നെ കളിയാക്കാന്‍ വേറൊരുത്തന്റെയും ആവശ്യമില്ലടാ’ എന്ന് പറയും പോലെ തന്റെ രൂപത്തെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും ഒരു മടിയുമില്ലാതെ നിവിന്‍ സെല്‍ഫ് സാറ്റയറൈസേഷന്‍ അവതരിപ്പിച്ചു പൊളിച്ചടക്കിയത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയില്‍ ഇപ്പോള്‍ നമ്മള്‍ കണ്ടതേയുള്ളു. നിവിന്‍ ഉള്ള അത്രയും സമയം അതില്‍ നേരം പോയതറിഞ്ഞില്ല. മലയാളി ഫ്രം ഇന്‍ഡ്യയുടെ ട്രെയിലര്‍ കണ്ടപ്പോഴും ‘എനിക്ക് കല്യാണപ്രായമായിട്ടില്ലടാ മുതുക്കാ’ എന്ന് അനശ്വര രാജന്‍ നിവിനോട് പറയുന്ന കേട്ട് ഒരു രസം തോന്നി, മുതുക്കന്‍ വിളി കേള്‍ക്കാനൊക്കെ നിവിന്‍ നിന്നുകൊടുത്തല്ലോ എന്നോര്‍ത്ത്. സാധാരണ അങ്ങനെയല്ലല്ലോ നമ്മള്‍ കണ്ടുപരിചയിട്ടുള്ളത്. പ്രായം എത്രയും കുറച്ചു കാണിക്കാനുള്ള തത്രപ്പാടല്ലേ എല്ലാര്‍ക്കും.

ഇന്നലെ പെട്ടെന്ന് തീരുമാനിച്ച് പോയതാണ് സിനിമക്ക്. ഒരു റിവ്യൂവും കേട്ടിരുന്നില്ല. തുടക്കത്തില്‍ തോന്നി അബദ്ധം ആയല്ലോന്ന്. രാഷ്ട്രീയപ്പോരിന്റെ പടമാണോ എന്ന് സംശയിക്കുമ്പോഴേക്കും ആടുജീവിതം സെക്കന്‍ഡ് വേര്‍ഷന്‍ ആണോ എന്ന് തോന്നി. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ത് കണ്ടാണ് ഈ പടം നിര്‍മ്മിച്ചത് എന്ന് വരെ തോന്നി. പക്ഷേ ഇന്റര്‍വെല്‍ കഴിഞ്ഞ് ചിത്രം കൊണ്ടുപോയത് ഈ വെക്കേഷനില്‍ കണ്ട സിനിമകളൊന്നും തരാതിരുന്ന നല്ല ഒരു മെസ്സേജിലേക്കായിരുന്നു.

സത്യം പറഞ്ഞാല്‍ ഈ സീസണില്‍ കണ്ട സിനിമകള്‍ മിക്കതിലും, കുടിച്ചു കൂത്താടുന്ന കുറേ സീനുകളും പിന്നെ കുറച്ചു ഫ്രണ്ട്ഷിപ്പും അവസാനത്തെ ഹാപ്പി എന്‍ഡിങ്ങും ആയിരുന്നു. ഇത് വ്യത്യസ്തമായിരുന്നു. ഹാപ്പി എന്‍ഡിങ് ഇല്ലെന്നല്ല, പക്ഷേ ഹൃദ്യമായ ഒരു ക്ഷണം, മതത്തിനും രാഷ്ട്രീയത്തിനും രാജ്യത്തിനും അപ്പുറം വെറുപ്പ് ഉപേക്ഷിക്കാന്‍, മനുഷ്യരെ മനസ്സിലാക്കാന്‍, സ്‌നേഹിക്കാന്‍.

രാജ്യസ്‌നേഹവും മതഭ്രാന്തും രാഷ്ട്രീയചായ്വുകളും വെറുപ്പായി രൂപാന്തരം പ്രാപിച്ച് നമ്മില്‍ മിക്കവരിലും ഉറങ്ങി കിടക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ നിഷ്‌കളങ്കമായി പെരുമാറുന്നതില്‍ പോലും മതവൈരാഗ്യത്തിന്റെ വേരുകള്‍ മാത്രം കാണാന്‍ പറ്റുന്നത് അതുകൊണ്ടാണ്. രക്തസാക്ഷികളാവാന്‍, എതിര്‍പാര്‍ട്ടിയിലെ ആളുകളെ അരിഞ്ഞു തള്ളാന്‍, മൈക്കിലൂടെ ആഹ്വാനം ചെയ്യുമ്പോള്‍, ‘നിന്റെ മകനെ നീ രക്തസാക്ഷിയാവാന്‍ വിടുമോ? നീ രക്തസാക്ഷിയാവുമോ’? എന്ന് ചോദിക്കേണ്ടത് കാലഘട്ടങ്ങളുടെ ആവശ്യമായിരുന്നു, മക്കള്‍ നഷ്ടപ്പെട്ട അനേകം മാതാപിതാക്കളുടെ സ്വരമായിരുന്നു.

മതവൈരം ആളുകളെ അന്ധമാക്കിയിരിക്കുന്ന യുഗത്തില്‍ നമുക്ക് എന്ത് മലയാളി? എന്ത് ഇന്ത്യക്കാരന്‍? നമ്മുടെ മതത്തില്‍ പെടാത്തവന്‍ ശത്രുവല്ലേ നമുക്ക്? അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ രാഷ്ട്രീയ അഭിരുചികള്‍ പോലും മാറിമറിഞ്ഞു. എന്നിട്ടല്ലേ ശത്രുരാജ്യത്തിലെ പൗരന്‍. ‘കള്ള മലയാളി മോനെ ‘ എന്ന വിളി അവസാനം നമ്മുടെ ചുണ്ടില്‍ ഒരു ചിരി പരത്തുന്നുണ്ടെങ്കില്‍ അത് ഈ സിനിമയിലൂടെ പരത്താന്‍ അവര്‍ വിചാരിച്ചിരുന്ന സ്‌നേഹം, ദുവാ എന്ന ഒരു പാവം പാകിസ്താനി പെണ്‍കുട്ടിയുടെ സ്വപ്നത്തിന് അഗ്‌നിചിറകുകള്‍ നല്‍കിയ ഗോപിയുടെ വാക്കുകള്‍, നമ്മുടെ ഹൃദയത്തിലും പ്രതിധ്വനിക്കുന്നത് കൊണ്ടാണ്.

നാട്ടില്‍ വന്നിട്ട് തിരിച്ചു പോവാനുള്ള ദിവസങ്ങള്‍ കൗണ്ട് ഡൌണ്‍ ചെയ്യുമ്പോള്‍ 4 വിരലുകള്‍ പോലും വിടര്‍ത്താനില്ലാത്തപ്പോള്‍, ഈ വെക്കേഷനില്‍ അവസാനം കണ്ട സിനിമ മോശമാവാഞ്ഞതില്‍ ആശ്വാസം. എന്തായാലും വെക്കേഷന്‍ നന്നായി തന്നെ ആഘോഷിച്ചു, ഇനി പോവാനുള്ള ഒരുക്കം. പിന്നെ, സിനിമ എങ്ങനെ തോന്നി എന്നുള്ള എന്റെ അഭിപ്രായങ്ങള്‍ എന്റേത് മാത്രമാണ്, നിങ്ങള്‍ സിനിമ കാണുമ്പോള്‍ എന്നോട് യോജിക്കണമെന്നോ, എന്റേത് പോലെ തന്നെ തോന്നണമെന്നോ ഇല്ല. നിങ്ങള്‍ക്ക് കാണാന്‍ തോന്നുന്നു എങ്കില്‍ പോവുക, കാണുക.

ആവേശം കണ്ടിട്ട് വന്ന ഒരാള്‍ അത്ര ഇഷ്ടപ്പെടാതെ എന്നോട് പറഞ്ഞു, അതുകൊണ്ട് പറഞ്ഞതാട്ടോ. ഒരു സിനിമ ആദ്യദിവസങ്ങളില്‍ കണ്ട് അഭിപ്രായം ഇടുമ്പോള്‍ നെഗറ്റീവ് പറയാന്‍ എനിക്ക് ഇത്തിരി ബുദ്ധിമുട്ടാണ്. കുറേ പേരുടെ ജീവിതമല്ലേ സിനിമ. പക്ഷേ ഈ സിനിമ എനിക്ക് ആവേശത്തിനേക്കാള്‍ ഒരുപാട് ഇഷ്ടമായി. ആദ്യപകുതി ചെറുതായി മടുപ്പിച്ചു എന്ന് സമ്മതിക്കുന്നു. പക്ഷേ രണ്ടാം പകുതി ഒരുപാട് ഇഷ്ടായി. എല്ലാ മതങ്ങളില്‍ ഉള്ളവരും, രാജ്യങ്ങളില്‍ ഉള്ളവരും ഒരേ ദൈവത്തിന്റെ മക്കളാണ് എന്ന് വിശ്വസിക്കുന്ന ആളാകുമ്പോള്‍ അത് അങ്ങനെ തന്നെയേ വരൂ.

ലോകത്തില്‍ എവിടെ പോയാലും സ്‌നേഹത്തിന്റെ സുഗന്ധം പരത്താന്‍ മലയാളികള്‍ ഉണ്ടാവട്ടെ.

 

Latest News