Monday, November 25, 2024

ചില ഓര്‍മ്മപ്പെടുത്തലുകളുമായി എത്തുന്ന ‘മലയന്‍കുഞ്ഞ്’

നിതിന്‍ തോമസ്

മഹേഷ് നാരായണന്‍ തിരക്കഥ രചിച്ച് അദ്ദേഹം തന്നെ ക്യാമറ ചലിപ്പിച്ച് സജിമോന്‍ പ്രഭാകര്‍ എന്ന യുവ സംവിധായകന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയില്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, രജീഷ വിജയന്‍ എന്നിവരും അണിചേരുന്നു.

കഴിഞ്ഞുപോയ കാലങ്ങളില്‍ പ്രകൃതി നമ്മളെ പഠിപ്പിച്ച പാഠങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തലാണ് മലയന്‍കുഞ്ഞ്. നമുക്ക് ചുറ്റും കാണാന്‍ കഴിയുന്ന ജീവിതങ്ങളെ ആണ് ചിത്രത്തിലൂടെ വരച്ചു കാട്ടിയിരിക്കുന്നത്. ഞാന്‍, എന്റെ, എന്റേതു മാത്രം എന്നീ ചിന്തകളില്‍ ഒതുങ്ങിപ്പോകുന്ന മനുഷ്യരോട്, മണ്ണും മഴയും വിചാരിച്ചാല്‍ തീരാവുന്നതേയുള്ളൂ ഇതെല്ലാം എന്ന് കാണിച്ചു തരുന്നു.

അഭിനേതാക്കളുടെ പ്രകടനം ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നതാണ്. കിട്ടിയ ഒരു ചെറിയ സ്‌പേസ് പോലും തന്റെ കരിയറിലെ ഏറ്റവും മികച്ചത് ആക്കി മാറ്റുന്ന ജാഫര്‍ ഇടുക്കിയെയും, ഇന്ദ്രന്‍സിനേയും മറ്റ് കഥാപാത്രങ്ങളെയും നമുക്ക് കാണാന്‍ കഴിയും. സ്വാര്‍ത്ഥതയും, ജാതി ചിന്തയും നിറഞ്ഞുനില്‍ക്കുന്ന തന്റെ ക്യാരക്ടര്‍ അനായാസമാണ് ഫഹദ് ഫാസില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

മന്ദഗതിയിലുള്ള ആദ്യപകുതിയില്‍ പ്രേക്ഷകരുടെ മനം മടുക്കാതിരിക്കാന്‍ വേണ്ടി കൃത്യമായ ഇടവേളകള്‍ സംവിധായകന്‍ ഉപയോഗിക്കുന്നുണ്ട്. ഭൂമിയിലുള്ളതെല്ലാം മനുഷ്യരുടെതു മാത്രമല്ല മറ്റു ജീവജാലങ്ങളുടെതു കൂടി ആണെന്നുള്ളത് വിഷ്വലി കാണിച്ചു തരുന്ന സജിമോന്‍ പ്രഭാകരുടെ മികവ് അഭിനന്ദാര്‍ഹമാണ്.

മഹേഷ് നാരായണന്റെ തിരക്കഥയും, ക്യാമറയും. ഇതില്‍ ഏതാണ് ഏറ്റവും മികച്ചത് എന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ ആശയക്കുഴപ്പത്തില്‍ ആവുകയുള്ളൂ. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍ എല്ലാം എടുത്തുപറയേണ്ടതും അഭിനന്ദനാര്‍ഹവുമാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം എ. ആര്‍. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. എന്നാല്‍ സംഗീതം അതിന്റെ പൂർണ്ണതയിൽ എത്തിയിട്ടുണ്ടോ എന്നൊരു സംശയം പ്രേക്ഷകരിൽ ഉണ്ടാകുന്നുണ്ട്.

ജൂലൈ 22ന് തിയേറ്ററുകളിലൂടെ പ്രദര്‍ശനത്തിന് എത്തിയ ഈ ചിത്രം കാണുന്ന ഓരോ പ്രേക്ഷകനും തോന്നും ഇത് നമ്മളല്ലേ, ഇത് നമുക്ക് ചുറ്റുമുള്ളവരല്ലേ, ഇത് നമ്മുടെയും അവരുടെയും ജീവിതവും, ജീവിതസാഹചര്യങ്ങളും അല്ലേ എന്ന്.

നിതിന്‍ തോമസ്

Latest News