കൊലപാതകവും തീവ്രവാദവും ഉൾപ്പെടെയുള്ള 11 ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള നിർബന്ധിത ശിക്ഷയായ വധശിക്ഷ റദ്ദാക്കാന്‍ മലേഷ്യ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ബില്‍ ലോവര്‍ ഹൗസ് ചേംബറില്‍ തിങ്കളാഴ്ച പാസാക്കിയതായാണ് വിവരം. നിയമഭേദഗതി അപ്പര്‍ ഹൗസ് ചേംബര്‍ കൂടി പാസാക്കി രാജാവ് ഒപ്പ് വച്ചാല്‍ ബില്‍ നിയമമാകും.
മലേഷ്യയിൽ വധശിക്ഷ ലഭിക്കാവുന്ന 34 ക്രിമിനൽ കുറ്റങ്ങളാണ് ഉളളത്. ഇതില്‍
കൊലപാതകം, ഭീകരവാദം , ലഹരിമരുന്നു കടത്ത് ,രാജ്യദ്രോഹം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇതില്‍ നിന്നും തട്ടിക്കൊണ്ടുപോകല്‍, ആയുധക്കടത്ത് തുടങ്ങിയ 11 കുറ്റങ്ങളാണ് വധശിക്ഷയുടെ പരിധിയില്‍ നിന്നും നിയമഭേദഗതിയിലൂടെ എടുത്തുകളയുന്നത്.
എന്നാല്‍ അസാധാരണമായ കേസുകളിൽ വധശിക്ഷ വിധിക്കാൻ ജഡ്ജിമാർക്ക് വിവേചനാധികാരം ഉണ്ടായിരിക്കുമെന്നും ഭേദഗതിയില്‍ പറയുന്നു. കൂടാതെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക്, 40 വർഷം വരെ ജീവപര്യന്തം തടവും ചാട്ടവാറു കൊണ്ടുള്ള ശാരീരിക ശിക്ഷയും നൽകുമെന്ന് നിയമനിർമ്മാതാക്കൾ പറഞ്ഞു.
2018 മുതല്‍ മലേഷ്യയില്‍ മൊറട്ടോറിയം നിലവിലുണ്ടായിരുന്നെങ്കിലും കോടതികള്‍ വധശിക്ഷ വിധിക്കുന്നത് തുടരുകയാണ്. നിലവില്‍ നിയമഭേദഗതിയിലൂടെ 1318 പേര്‍ വധശിക്ഷയില്‍ നിന്നും ഒഴിവാകും. ഇതില്‍ 842 പേരോളം നല്‍കിയ അപ്പീല്‍ പരാജയപ്പെട്ട് മരണം കാത്തു കഴിയുന്നവരാണ്.