Wednesday, January 22, 2025

മാസ്‌കിട്ട് മുഖം മറച്ച് പുരുഷ വാര്‍ത്താ അവതാരകര്‍; പ്രതിഷേധം വനിതാ അവതാരകര്‍ മുഖം മൂടണമെന്ന താലിബാന്‍ നിര്‍ദ്ദേശത്തിനെതിരെ

സ്ത്രീകള്‍ മുഖവും തലയും മൂടുന്ന തരത്തില്‍ ബുര്‍ഖ ധരിച്ചുകൊണ്ട് വാര്‍ത്ത അവതരിപ്പിക്കണമെന്ന താലിബാന്റെ ഉത്തരവില്‍ ലോകത്തെങ്ങും പ്രതിഷേധം ഉയരുന്നു. സ്ത്രീകളുടെ പ്രത്യേകിച്ച് വാര്‍ത്താ അവതാരകരുടെ വ്യക്തിസ്വാതന്ത്ര്യം പൂര്‍ണമായും ഇല്ലാതാക്കിക്കൊണ്ട് താലിബാന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ അഫ്ഗാനിലുള്ള അവതാരകര്‍ക്ക് ഇത് പാലിക്കാതെ വേറെ വഴിയില്ല.

എന്നാല്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പുരുഷ വാര്‍ത്താ അവതാരകന്മാരും. മാസ്‌ക് ധരിച്ച് മുഖം മറച്ചുകൊണ്ടാണ് അവര്‍ താലിബാന്‍ ഭരണകൂടത്തോട് പ്രതിഷേധം അറിയിക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രം നിയമം വേണ്ടെന്നും അത് പുരുഷന്മാര്‍ക്കും ബാധകമാണെന്നുമാണ് അവതാരകന്മാര്‍ ഇതിലൂടെ വ്യക്തമാക്കുന്നത്.

അഫ്ഗാനിലെ പ്രസിദ്ധ ചാനലായ ടോളോ ന്യൂസിലെ അവതാരകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം മുഖം മറച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ താലിബാനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. സ്ത്രീസ്വാതന്ത്ര്യം പൂര്‍ണമായും ഇല്ലാതാക്കുന്ന താലിബാന്റെ നയങ്ങള്‍ പിന്‍വലിക്കണമെന്നുളള ആവശ്യങ്ങളാണ് ഉയരുന്നത്.

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ സ്ത്രീകള്‍ വീടിന് പുറത്തിറങ്ങാവൂ, പുരുഷന്മാരുടെ തുണയില്ലാതെ പെണ്‍കുട്ടികള്‍ പോലും പുറത്തിറങ്ങരുത് എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളും താലിബാന്‍ ഏര്‍പ്പെടുത്തിയിരുന്നു.

 

Latest News