പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഉന്നതരെ വധിക്കാൻ ഇറാന്റെ പിന്തുണയോടെ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇസ്രായേൽ പൗരൻ അറസ്റ്റിൽ. തുർക്കിയുമായി ബന്ധമുള്ള വ്യവസായിയെയാണ് ഇസ്രയേലി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
ദക്ഷിണ ഇസ്രയേലിലെ നഗരമായ അഷ്‌കലോണിൽ നിന്നുള്ള മോതി മാമൻ എന്ന ആളാണ് അറസ്റ്റിലായത്. ഒരുപാട് കാലം തുർക്കിയിൽ താമസിച്ചിരുന്ന ഇയാൾക്ക് അവിടെയുള്ള തുർക്കിഷ്, ഇറാനിയൻ പൗരന്മാരുമായി നല്ല ബന്ധം ഉണ്ടായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് അല്ലെങ്കിൽ ഷിൻ ബെറ്റ് ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ എന്നിവരെ വധിക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇറാനിൽ നടന്ന രണ്ട് മീറ്റിംഗുകളിൽ ഇയാൾ പങ്കെടുത്തു എന്നാണ് ആരോപിക്കപ്പെടുന്നത്.
രണ്ട് തവണയും അതീവ രഹസ്യമായാണ് ഇയാൾ ഇറാനിലേക്ക് പോയത്. കൂടാതെ ദൗത്യം നടപ്പാക്കാനായി ഇറാന്റെ പക്കൽനിന്ന് ഇയാൾ പണം കൈപ്പറ്റിയെന്നും ഇസ്രയേലി സുരക്ഷാ സേന വെളിപ്പെടുത്തുന്നു. രണ്ടാം പ്രാവശ്യം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു മാമ്മൻ അറസ്റ്റിലാകുന്നത്. കഴിഞ്ഞ മാസമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇസ്രയേലി പോലീസും ഷിൻ ബെത്തും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ലെബനനിലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് അറസ്റ്റ് വാർത്ത പുറത്തുവരുന്നത്.