Monday, November 25, 2024

കാട്ടാന ആക്രമണം: മൂന്നാറില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍, റോഡ് ഉപരോധിക്കാന്‍ കോണ്‍ഗ്രസ്

മൂന്നാര്‍ കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്.

അതേസമയം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവര്‍ മണിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. കന്നിമല എസ്‌റേററ്റ് ഫാക്ടറിയില്‍ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാന്‍ ഓട്ടോയില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

മണിയെ കൂടാതെ നാലു പേര്‍ ഓട്ടോയില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്‌നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

Latest News