കലാപം ആളിപ്പടർന്ന മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നു. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉള്ള ഉത്തരവിറങ്ങിയതോടെ ഇന്നലെ ഒറ്റപ്പെട്ട അക്രമങ്ങൾ മാത്രമാണുണ്ടായത്. കലാപത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടുവെന്നാണു നിഗമനം. ഔഗ്യോഗിക കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല.
കലാപത്തിൽ 25 ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടതായി ക്രൈസ്തവ സംഘടനകൾ വെളിപ്പെടുത്തി. നാഗാലാൻഡ് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിലേക്കു കലാപം വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ കലാപം നേരിടാൻ കരസേന, സിആർപിഎഫ്, അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) എന്നിവയ്ക്കു പുറമേ വ്യോമസേനയും രംഗത്തുണ്ട്. അസമിലെ രണ്ടു വ്യോമതാവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ സംസ്ഥാനത്തുടനീളം നിരീക്ഷണപ്പറക്കൽ നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ മൊബൈൽ ഇന്റർനെറ്റ് വിലക്ക് തുടരുകയാണ്.
കുകി, നാഗ എന്നിവയടക്കമുള്ള ഗോത്ര വിഭാഗങ്ങളും ഹിന്ദു വിഭാഗമായ മെയ്തെയ്കളും തമ്മിലാണു മണിപ്പൂരിലെ സംഘർഷം നടന്നത്. മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗങ്ങൾ രംഗത്തിറങ്ങുകയായിരുന്നു.