Monday, November 25, 2024

മണിപ്പൂര്‍ സംഘര്‍ഷം; ആയുധങ്ങള്‍ മ്യാന്മറില്‍ നിന്നും എത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം

മണിപ്പൂര്‍ കലാപത്തില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ വിദേശത്തു നിന്നും കടത്തിക്കൊണ്ടു വരുന്നതാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കലാപകാരികള്‍ ആയുധങ്ങള്‍ മ്യാന്മറില്‍ നിന്നും കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതായി ഇന്റലിജന്‍സ് വിഭാഗം വെളിപ്പെടുത്തി. . നേരത്തെ ആയുധക്കടത്തുമായി ബന്ധപ്പെട്ട് ഐആര്‍ബി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലുപേരെ സുരക്ഷാസംഘം അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം മ്യാന്മർ വഴി മണിപ്പൂരിലേക്ക് വലിയ തോതില്‍ ആയുധശേഖരം എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ നീക്കം തുടരുകയാണെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. മ്യാന്മര്‍ – ചൈന അതിര്‍ത്തിക്കു സമീപമുള്ള കരിഞ്ചന്തയില്‍ നിന്നാണ് സജീവ വിമത ഗ്രൂപ്പുകള്‍ ആയുധങ്ങൾ വാങ്ങുന്നത്. ഇത് മൂന്ന് വാഹനങ്ങളിലായി സംഭരിച്ച് സംസ്ഥാനത്ത് എത്തിക്കുകയാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അസം റൈഫിള്‍സ് സേനയ്ക്ക് അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം, രഹസ്യവിവരത്തെ തുടര്‍ന്ന് ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ നടത്തിയ തിരച്ചിലില്‍ ആയുധം കടത്താന്‍ ശ്രമിച്ച നാലു പ്രതികളെ പിടികൂടി. ആയുധക്കടത്തുകാരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇംഫാല്‍ ഈസ്റ്റ് ഡിസ്ട്രിക്റ്റ് കമാന്‍ഡോ, ഹെയ്ന്‍ഗാംഗ് പോലീസ്, 16-ആം ജാട്ട് റെജിമെന്റ് എന്നിവയുടെ സംയുക്തസംഘമാണ് പ്രതികളെ പിടികൂടിയത്. കൈരാംഗ് അവാങ് ലെയ്കായി, ഖോമിഡോക്ക്, ഹൈക്രുമഖോംഗ് എന്നിവിടങ്ങളിലായിരുന്നു തിരച്ചില്‍ നടത്തിയത്. ഈ തിരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും രണ്ടര ലക്ഷം രൂപയും കുറച്ച് മൊബൈല്‍ ഫോണുകളും രണ്ട് വാഹനങ്ങളും കണ്ടെടുത്തു.

Latest News