ക്രൈസ്തവര്‍ ബഹുഭൂരിപക്ഷം വരുന്ന മണിപ്പൂരില്‍ മൂന്നു ദേവാലയങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഈസ്റ്റ് ഇംഫാല്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. അനധികൃത നിര്‍മാണമെന്നാരോപിച്ചാണ് സര്‍ക്കാര്‍ നടപടി.
ആദിവാസി കോളനിയില്‍ സ്ഥിതി ചെയ്തിരുന്ന ദേവാലയങ്ങള്‍ വന്‍ പോലീസ് സന്നാഹത്തോടെ പൊളിക്കുകയായിരുന്നു. കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച്, ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്വെന്ഷന് ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് മണിപ്പൂര്‍, തുടങ്ങിയവയാണ് അനധികൃത നിര്മ്മാണമെന്നു ചൂണ്ടിക്കാട്ടി അധികൃതര്‍ പൊളിച്ചു നീക്കിയത്. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നു തകര്‍ത്ത ദേവാലയങ്ങളിലൊന്നു മണിപ്പൂരിലെ അതിപുരാതനമായ ക്രൈസ്തവ ദേവാലയമാണ്.
എന്നാല്‍, പളളികള്‍ തകര്‍ത്തതിനു പിന്നാലെ നിരവധി വിശ്വാസികള്‍ ദേവാലയാവശിഷ്ടങ്ങള്ക്കു മുന്നില്‍ ഒത്തുകൂടി പ്രര്‍ത്ഥനകള്‍ നടത്തി. ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ പള്ളികൾ തകർത്തത് അപലപനീയമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ ഉത്തരവ് മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പള്ളികള്‍ തകര്‍ക്കുന്നത്. എന്നാല്‍ കോടതി ഉത്തരവ് പ്രകാരമാണ് ദേവാലയങ്ങള്‍ പൊളിക്കുന്നതെന്നു മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് പറഞ്ഞു. പള്ളികള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രതികരണം നടത്താന്‍ അദ്ദേഹം വിസമ്മതിച്ചതായാണ് വിവരം.