മണിപ്പൂരില്‍ വീണ്ടും ഇന്റർനെറ്റ് സേവനങ്ങൾ നിര്‍ത്തിവച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. കഴിഞ്ഞദിവസം രണ്ട് മെയ്തേയ് വിദ്യാർഥികളുടെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനുപിന്നാലെയാണ് നടപടി. മൊബൈൽ ഇന്റർനെറ്റ് ഡാറ്റ സേവനങ്ങളുടെ താൽക്കാലിക നിയന്ത്രണം ഒക്ടോബർ ഒന്നിന് വൈകിട്ട് 7.45 വരെ അഞ്ച് ദിവസത്തേക്ക് തുടരുമെന്നാണ് സർക്കാർ ഉത്തരവ്.
“മണിപ്പൂരിൽ നിലവിലുള്ള ക്രമസമാധാന നില കണക്കിലെടുത്ത്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും മറ്റുതരത്തിലുള്ള അക്രമപ്രവർത്തനങ്ങളും പ്രചരിക്കുന്നത് സംസ്ഥാന സർക്കാർ അതീവജാഗ്രതയോടെയാണ് കാണുന്നത്. അതിനാൽ ഇന്റർനെറ്റ്/ ഡാറ്റ സേവനങ്ങളുടെ താൽക്കാലിക സസ്പെൻഷൻ/ നിയന്ത്രണം ഒക്ടോബർ ഒന്നിന് വൈകിട്ട് 7.45 വരെ അഞ്ചുദിവസത്തേക്ക് തുടരും” – സർക്കാർ ഉത്തരവിൽ പറയുന്നു. ജൂലൈ ആറുമുതല്‍ കാണാതായ രണ്ട് മണിപ്പൂരി വിദ്യാര്‍ഥികളുടെ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ തോതിൽ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചത്.
അതേസമയം, മെയ്‌തേയി വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ അന്വേഷണത്തിനായി സി.ബി.ഐ ഡയറക്ടര്‍ പ്രവീണ്‍ സൂദും പ്രത്യേക സംഘവും ഇന്ന് ഇംഫാലിലെത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് നടപടി. വിദ്യാര്‍ഥികളുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരുകളും അക്ഷീണം പ്രയത്‌നിക്കുകയാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് പറഞ്ഞു.