Sunday, April 20, 2025

മണിപ്പൂർ കലാപം: ചുരാചന്ദ്പുരിലെ സ്കൂളിന് തീയിട്ടു; ബിഷ്ണുപൂരിൽ സ്ത്രീക്ക് വെടിയേറ്റു

കുക്കി മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന മണിപ്പൂരിൽ കലാപകാരികൾ സ്കൂളിനു തീയിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ ഒന്നായ ചുരാചന്ദ്പുരിലെ സ്കൂളിനു നേരെയായിരുന്നു ആക്രമണം. അതിനിടെ, ഞായറാഴ്ച ഉണ്ടായ അക്രമ സംഭവങ്ങളിൽ ഒരു സ്ത്രീയ്ക്ക് വെടിയേറ്റതായും റിപ്പോർട്ടുകളുണ്ട്.

മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ ഉൾപ്പെടെ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ. സ്കൂളുകൾ തുറക്കുക എന്നത് സർക്കാറിന് വലിയ വെല്ലുവിളിയായേക്കുമെന്നാണ് ഈ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സ്‌കൂളിന് തീവച്ച സംഭവത്തിൽ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കെട്ടിടം, ഫർണിച്ചറുകൾ, പുസ്തകങ്ങൾ തുടങ്ങിയ കത്തിനശിച്ചിട്ടുണ്ട്.

സ്കൂൾ ആക്രമണത്തിനു പുറമേ ഒരു സ്ത്രീയ്ക്ക് വെടിയേറ്റതായും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. പരുക്കേറ്റ ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടായ വെടിവെയ്പ്പിന് പിന്നാലെയാണ് പുതിയ സംഭവങ്ങൾ ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Latest News