Tuesday, November 26, 2024

മണിപ്പൂർ കലാപം ശമനമില്ലാതെ തുടരുകയാണ്!

മാസം മൂന്നു കഴിഞ്ഞിരിക്കുന്നു! രണ്ടു വിഭാഗം ജനങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലെങ്കിലും ഏകപക്ഷീയമാണ് ആക്രമണങ്ങൾ. കുക്കികൾക്കെതിരെയാണ് ആക്രമണം തുടരുന്നത്. അക്രമികൾക്കു ഭരണകൂടത്തിന്റെ പിന്തുണ മാത്രമല്ല നേരിട്ടുള്ള സഹകരണവുമുണ്ട് എന്നതു പരക്കെ ചർച്ചചെയ്യപ്പെടുന്നു. മരണ സംഖ്യ എത്രയെന്നു കൃത്യമായി പറയാൻ ആർക്കെങ്കിലും കഴിയുമെന്നു കരുതുന്നില്ല. പ്രതിരോധിക്കാനും പലായനം ചെയ്യാനും കഴിയാത്ത സാഹചര്യമാണ് കുക്കികൾക്കുള്ളത്.

ഭരണകൂടത്തിന്റെയും അർദ്ധസൈനിക സംവിധാനങ്ങളുടെയും പോലീസിന്റെയും നിയന്ത്രണം പൂർണ്ണമായും മെയ്തേയി വിഭാഗത്തിന്റെ കൈകളിലാണ്. അതിനാൽത്തന്നെ, പ്രതിരോധിക്കുകയെന്നാൽ സ്റ്റേറ്റിനെയും അതിന്റെ സന്നാഹങ്ങളെയും, ഒപ്പം മിലിറ്റന്റു സ്വഭാവമുള്ള മെയ്തേയ് സംഘങ്ങളായ ‘ആരമ്പായി തെങ്കോൾ,’ ‘മെയ്തേയ് ലിപൂൺ’ എന്നീ തീവ്രസംഘങ്ങളെയും പ്രതിരോധിക്കുക എന്നാണർത്ഥം.
അതു സുസാധ്യമല്ല.

പലായനം ചെയ്യുക എന്നാൽ, ഇന്ത്യൻ ഭരണഘടന 371( സി) വകുപ്പു പ്രകാരം ട്രൈബൽ ജനതയ്ക്ക് സ്വന്തമായ, തങ്ങളുടെ ഭൂമിയിൽനിന്ന് എന്നെന്നേക്കുമായി തുരത്തപ്പെടുക എന്നാണ് അർത്ഥം! ‘കുക്കികളെ തുടച്ചു നീക്കുക’ എന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിച്ചാണ് ആക്രമണത്തിന് മെയ്തേയി രാഷ്ട്രീയ നേതാക്കൾ മെയ്തേയ് ജനതയെ സജ്ജമാക്കിയത്. മൂന്നു വർഷത്തിലേറെ, ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടന്നു എന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്!

തകർത്ത ഗ്രാമങ്ങളുടെയും ചുട്ടുകരിച്ച മനുഷ്യരുടെയും കത്തിച്ചു ചാമ്പലാക്കിയ ദൈവാലയങ്ങളുടെയും കണക്കുകൾ ഇപ്പോൾ ആരെയും ഞെട്ടിക്കുന്നില്ല. പതിവു രീതിയായി അവ മാറിയിരിക്കുന്നു. എങ്കിലും, മുമ്പത്തെ പല ലഹളകളിലും സംഭവിച്ചതുപോലെ, ഭരണാധികാരികൾ കുറ്റക്കാരാണ് എന്നു തെളിയിക്കാൻ ആർക്കും കഴിയുമെന്നു തോന്നുന്നില്ല. കാരണം, ‘നിയമവിരുദ്ധമായി’ അവരൊന്നും ചെയ്യുന്നില്ല!

ട്രൈബൽ സമൂഹങ്ങളെ സംരക്ഷിക്കാൻ പ്രത്യേക നിയമമുള്ള നാടാണിത്! നീതിപീഠങ്ങൾക്ക് അത് അറിയാത്തതല്ല! പക്ഷേ? ഭരണാധികാരികൾ കുറ്റം ചെയ്യുന്നുണ്ടോ എന്നതു മാത്രമല്ല, ഭരണാധികാരികൾ എന്ന നിലയിൽ അവർ ചെയ്യേണ്ടത് ചെയ്യുന്നുണ്ടോ എന്നതും പ്രസക്തമായ ചോദ്യമല്ലേ???

ഫാ. വർഗീസ് വള്ളിക്കാട്ട്

Latest News