Monday, November 25, 2024

മണിപ്പൂര്‍ കലാപം: പ്രമേയം പാസ്സാക്കി യൂറോപ്യന്‍ യൂണിയന്‍

മണിപ്പൂര്‍ വംശീയകലാപത്തില്‍ മോദിസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രമേയം പാസ്സാക്കി യൂറോപ്യൻ യൂണിയൻ (ഇയു). പ്രമേയത്തിൽ, രണ്ടുമാസമായി സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ രീതികളെ ഇയു വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തുന്നതിനു തൊട്ടുമുൻപാണ് പ്രമേയം പാസ്സാക്കിയത്.

രണ്ടുമാസമായി തുടരുന്ന മണിപ്പൂര്‍ കലാപം കൈകാര്യം ചെയ്യുന്നതില്‍ മോദിസര്‍ക്കാര്‍ പരാജയപ്പെട്ടെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. ഹിന്ദു ഭൂരിപക്ഷവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയം നയിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിലും, ഭിന്നിപ്പിക്കുന്ന നയങ്ങളിലും ആശങ്കാകുലരാണെന്നും ഇയുവില്‍ അവതരിപ്പിച്ച പ്രമേയം പറയുന്നു. വംശീയവും മതപരവുമായ അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും യൂറോപ്യൻ പാർലമെന്റ് പ്രമേയത്തിൽ ഇന്ത്യൻ അധികാരികളോട് അഭ്യർഥിച്ചു.

അതേസമയം, യുറോപ്യന്‍ യൂണിയന്‍ പാസ്സാക്കിയ പ്രമേയത്തെ തള്ളിക്കൊണ്ട് ഇന്ത്യ രംഗത്തെത്തി. മണിപ്പൂര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തരപ്രശ്‌നമാണ്. വിഷയത്തില്‍ യൂറോപ്യൻ പാർലമെന്റിൽ ചർച്ച പാടില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പ്രമേയം അവതരിപ്പിച്ചു. ഈ നീക്കം സ്വീകാര്യമല്ലെന്നും കൊളോണിയല്‍ ചിന്താഗതിയുടെ പ്രതിഫലനമാണിതെന്നും ഇന്ത്യ പറഞ്ഞു.

Latest News