വംശീയകലാപം രൂക്ഷമായ മണിപ്പൂരില്‍ ഇതുവരെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഇതുവരെ 121 പേര് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, 352 പേർക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മെയ്തേയ് – കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിനു ശേഷം 4,305 തീവയ്പ്പ് ആക്രമണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കലാപത്തിൽ 60,152-ലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരുന്നതായാണ് വിവരം. ഇതുവരെ സംസ്ഥാനത്ത് 272 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ 37,177 പേർ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുകയാണ്.
അതേസമയം, കലാപകാരികളുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 22 വയസുകാരന് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ചുരാചന്ദ്പൂരിലെ ലോക്ലക്ഫായ് ഗ്രാമത്തിലായിരുന്നു സംഭവം. മണിപ്പൂർ ഗവർണർ ലംക സന്ദർശിക്കാനിരിക്കെയായിരുന്നു കൊലപാതകം എന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് വിന്യസിപ്പിച്ചിട്ടുള്ള 114 കമ്പനി കേന്ദ്രസായുധ പോലീസ് സേനകളുടെ (സിഎപിഎഫ്) സേവനം ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.