മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം ഇന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. സഖ്യത്തിന്റെ ഭാഗമായ എല്ലാ പാര്‍ട്ടികളും അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ (ഇന്ത്യ) ഭാഗമായ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.
കലാപം തുടരുന്ന മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ വിശദമായ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഇത് മുഖവിലയ്ക്കെടുക്കുന്നില്ല എന്ന് ആരോപിച്ചാണ് പ്രതിപക്ഷ സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള നോട്ടീസ് പാർട്ടി ഓഫീസിൽ തയ്യാറായിട്ടുണ്ടെന്നും രാവിലെ 10 മണിക്ക് മുമ്പ് ലോക്‌സഭാ സെക്രട്ടറി ജനറൽ ഓഫീസിൽ എത്തുമെന്നും ലോക്‌സഭയിലെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
അതേസമയം, ബുധനാഴ്ച ലോക്‌സഭയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർക്ക് മൂന്ന് വരി വിപ്പ് നൽകിയതും ശ്രദ്ധേയമാണ്. എല്ലാ പാർട്ടി എംപിമാരും ഇന്ന് രാവിലെ 10.30ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി (സിപിപി) ഓഫീസിൽ യോഗം ചേരും. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുളള പ്രതിപക്ഷ തന്ത്രങ്ങള്‍ രാജ്യസഭയിലും തുടരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു.