Sunday, November 24, 2024

മണിപ്പൂർ കലാപം: സംസ്ഥാനം ശാന്തതയിലേയ്ക്ക് മടങ്ങുന്നു; കർഫ്യൂവിൽ കൂടുതൽ ഇളവ് നൽകിത്തുടങ്ങി

കലാപം ആളിക്കത്തിയ മണിപ്പൂർ ശാന്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ലെന്നു കരസേന അറിയിച്ചു. ഇതോടെ കർഫ്യൂവിൽ ഏതാനും മണിക്കൂർ ഇളവ് അനുവദിച്ചു. മൊബൈൽ, ഇന്റർനെറ്റ് സേവനം വൈകാതെ പുനഃസ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കലാപത്തെ തുടർന്ന് ഗ്രാമങ്ങളിൽ നിന്ന് പാലായനം ചെയ്തവർ വൈകാതെ മടങ്ങിയെത്തുമെന്നാണു പ്രതീക്ഷ. മണിപ്പൂരിൽ കുടുങ്ങിയ 12 വിദ്യാർത്ഥികളെ ഇന്നലെ രാത്രി ഇംഫാലിൽ നിന്നു വിമാനമാർഗം ചെന്നൈയിലെത്തിച്ചു. ഇതിനിടെ മണിപ്പൂർ കലാപത്തെ പ്രധാന മന്ത്രിയും ബിജെപിയും അവഗണിച്ചു എന്ന ആരോപണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തി. പ്രധാനമന്ത്രി മണിപ്പൂരിലെ പ്രശ്നങ്ങളെ അവഗണിച്ചതോടെ 54 പേരാണു കൊല്ലപ്പെട്ടതെന്നും പവാർ കുറ്റപ്പെടുത്തി.

പട്ടികവർഗ്ഗ പദവിക്കായുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പത്ത് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പിന്നീട് അത് കലാപമായി മാറുകയായിരുന്നു.

Latest News