Tuesday, November 26, 2024

മണിപ്പൂര്‍ കലാപം: മൂന്നു പേരെ ആംബുലൻസിൽ വച്ച് ചുട്ടുക്കൊന്നു

മണിപ്പൂർ കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോയ എട്ടു വയസുള്ള ബാലനെയും അമ്മയെയും ബന്ധുവിനെയും ആംബുലൻസിൽ വച്ച് ചുട്ടുകൊന്നതായി റിപ്പോര്‍ട്ട്. ആശുപത്രിയിലേക്കു പോയ ആംബുലൻസ് കലാപകാരികള്‍ തടഞ്ഞുനിർത്തി തീവയ്ക്കുകയായിരുന്നു എന്നാണ് വിവരം. അസം റൈഫിൾസാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവം ഉണ്ടായത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയവെയാണ് കുട്ടിക്ക് വെടിയേൽക്കുന്നത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മെയ്തെയ് ഭൂരിപക്ഷ മേഖലയിൽ ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കലാപകാരികൾ തീവച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്നുപേരും പൊള്ളലേറ്റ് ദാരുണമായി കൊല്ലപ്പെട്ടു. ആംബുലൻസിന്റെ ഡ്രൈവറും നേഴ്സും ഓടിരക്ഷപെട്ടു. ആംബുലൻസിനെ അനുഗമിച്ചിരുന്ന പോലീസ് എസ്.പി ഇബോംച്ചാ സിംഗ് നോക്കിനിൽക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന റിപ്പോർട്ട് ഉയർന്നുവരുന്നുണ്ട്. ഇത് സംഭവത്തിന്റെ ഗുരുതരാവസ്ഥ വർദ്ധിപ്പിക്കുന്നു.

പോലീസിൽ നിന്നും ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലായെന്നും സ്റ്റേഷനിൽ പോകാൻ ഭയമാണെന്നും മകനെയും ഭാര്യയെയും നഷ്ടപ്പെട്ട ജോഷ്വ ഹാങ്സിങ് പങ്കുവച്ചു. തന്റെ ഭാര്യയും മകനും ചുട്ടെരിക്കപ്പെട്ട ശേഷം കുക്കി ആധിപത്യ മേഖലയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് ജോഷ്വ ഇപ്പോൾ കഴിയുന്നത്.

Latest News