Sunday, November 24, 2024

മണിപ്പൂർ കലാപം: ചുരാചന്ദ്പൂരിൽ നിലനിന്നിരുന്ന കർഫ്യൂ ഭാഗികമായി പിൻവലിച്ചു

മണിപ്പൂരിൽ ഗോത്രവർഗ്ഗക്കാരും മെയ്തേയ് സമുദായവും തമ്മിൽ ഉണ്ടായ കലാപത്തെ തുടർന്ന് ചുരാചന്ദ്പൂരിൽ പുറപ്പെടുവിച്ച കർഫ്യൂ ഭാഗികമായി പിൻവലിച്ചു. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് കർഫ്യൂ ഭാഗികമായി പിൻവലിച്ചതായി വെളിപ്പെടുത്തിയത്.

സംഘർഷം മയപ്പെട്ട സാഹചര്യത്തിൽ ആളുകൾക്ക് മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങുന്നതിനായി ഞായറാഴ്ച രാവിലെ ഏഴ് മുതൽ പത്ത് വരെ കർഫ്യൂ പിൻവലിച്ചതായാണ് ഉത്തരവ്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ രണ്ട് മണിക്കൂറും കർഫ്യൂവിന് ഇളവ് നൽകിയിരുന്നു. “സംസ്ഥാന സർക്കാരും വിവിധ തല്പരകക്ഷികളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം, ചുരാചന്ദ്പൂർ ജില്ലയിൽ ക്രമസമാധാന നില മെച്ചപ്പെടുന്ന സാഹചര്യത്തിൽ കർഫ്യൂ ഭാഗികമായി പിൻവലിക്കുന്നതിൽ സന്തോഷമുണ്ട്”- മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാത്രി പോസ്റ്റ് ചെയ്ത ട്വീറ്റിൽ വെളിപ്പെടുത്തി.

കലാപം രൂക്ഷമായതിനെ തുടർന്ന് ഈ മാസം മൂന്നാം തീയതി മുതലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്ന കലാപത്തിൽ 54 ഓളം പേർ കൊല്ലപ്പെടുകയും ഇതുവരെ ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. പട്ടികവർഗ്ഗ പദവിക്കായുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പത്ത് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

 

Latest News