നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് മെത്രാനായി അഭിഷിക്തനായി. മെത്രാഭിഷേക തിരുക്കർമങ്ങൾ നവംബര്‍ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്നു. മെത്രാഭിഷേക തിരുകര്‍മങ്ങളുടെ മുഖ്യകാർമികൻ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ആയിരുന്നു.
ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ്പ് മോസ്റ്റ് റവ. ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനമധ്യേ സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് വചനസന്ദേശം നല്കി.
ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കര്‍ദിനാളന്മാര്‍, മെത്രാന്മാര്, സംസ്ഥാന മന്ത്രിമാര്‍, എം. പി. മാര്‍, എം. എല്‍. എ. മാര്‍, കേന്ദ്രസംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നും വൈദികര്‍, സന്യസ്തര്‍, അൽമായര് എന്നിവരടങ്ങുന്ന 4000 ലധികം പ്രതിനിധികൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു.
വിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം ഇന്ത്യയുടെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്കി. സീറോമലബാര്‍ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്പ് മോസ്റ്റ് റവ. ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹൃദയപള്ളി വികാരിയും ആശ്രമം പ്രയോരും മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മാതൃസഹോദരനുമായ റവ. ഫാ. തോമസ് കല്ലുകളം സി. എം. ഐ. എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. മാര്‍ ജോര്‍ജ് കൂവക്കാട് എല്ലാവര്ക്കും നന്ദിയര്‍പ്പിച്ചു.
നിസിബസ് കൽദായ അതിരൂപതയുടെ സ്ഥാനിക മെത്രാപ്പോലീത്തായായാണ് മാർ ജോര്‍ജ് കൂവക്കാട്ടിന്റെ നിയമനം.