Tuesday, November 26, 2024

മാർ ജോസഫ് പൗവ്വത്തിൽ കാലം ചെയ്തു

ചങ്ങനാശ്ശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ കാലം ചെയ്തു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചക്ക് 1.45നു ചങ്ങനാശ്ശേരിയിൽ വച്ചായിരുന്നു അന്ത്യം. 92വയസായിരുന്നു.

നിലപാടുകളിലെ കാർക്കശ്യം കൊണ്ടും, സഭയുടെ വിശ്വാസ വിജ്ഞാനത്തിലെ പാണ്ഡിത്യം കൊണ്ടും കത്തോലിക്കാ സഭയിൽ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സീറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തിനു നേതൃത്വം നൽകിയ അദ്ദേഹത്തെ “സഭയുടെ കിരീടം” എന്നാണ് ബനഡിക്ട് 16 ാമൻ മാർപാപ്പ വിശേഷിപ്പിച്ചത്. ആരാധനാക്രമ പരിഷ്കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ കർക്കശ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ചങ്ങനാശേരി അതിരൂപതയിലെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയില്‍ അതിപുരാതനമായ പൗവ്വത്തില്‍ കുടുംബത്തില്‍ 1930 ഓഗസ്റ്റ് 14-നായിരുന്നു മാര്‍ പൗവ്വത്തിലിന്‍റെ ജനനം. 1962 ഒക്ടോബർ 3 ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 1972 ൽ വത്തിക്കാനില്‍ വച്ച് അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി. പിന്നീട് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പായി സേവനം ചെയ്തു. ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest News