Thursday, April 3, 2025

മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പ്

ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി മാര്‍ തോമസ് തറയില്‍ നിയമിതനായി. മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. 2017 ജനുവരി 14 മുതല്‍ ഡോ. തോമസ് തറയില്‍ ചങ്ങനാശേരിയുടെ സഹായമെത്രാനായി നിയമിതനായിരുന്നു.

ബിഷപ്പ് ചാള്‍സ് ലവീഞ്ഞ്, ബിഷപ്പ് മാര്‍ മാത്യു മാക്കില്‍, ബിഷപ്പ് മാര്‍ തോമസ് കുര്യാളശേരി, ബിഷപ്പ് മാര്‍ ജയിംസ് കളാശേരി, ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു കാവുകാട്ട്, ആര്‍ച്ചുബിഷപ്പ് മാര്‍ ആന്റണി പടിയറ, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പൗവത്തില്‍, ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ക്കുശേഷമാണ് ബിഷപ്പ് തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പാകുന്നത്.

1972 ഫെബ്രുവരി രണ്ടാം തീയതി ചങ്ങനാശേരിയില്‍, തറയില്‍ പരേതനായ ടി. ജെ. ജോസഫിന്റെയും മറിയമ്മയുടെയും ഏഴു മക്കളില്‍ ഇളയമകനായി ടോമി ജനിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം ചങ്ങനാശേരി സെന്റ് ജോസഫ്‌സ് എല്‍. പി. സ്‌കൂളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഫാത്തിമാപുരം സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായിരുന്നു.

ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളേജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കിയ ടോമി, ചങ്ങനാശേരി അതിരൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കുറിച്ചി സെന്റ് തോമസ് മൈനര്‍ സെമിനാരിയിലെ പഠനങ്ങള്‍ക്കുശേഷം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ഫിലോസഫി പഠനം പൂര്‍ത്തിയാക്കി. തന്റെ റീജന്‍സി കാലത്ത് ബ്രദര്‍ ടോമി ഒരുവര്‍ഷം അതിരൂപതയിലെ ഫാമിലി അപ്പോസ്തോലേറ്റിന്റെ ഓഫീസില്‍ സേവനമനുഷ്ഠിച്ചു. അക്കാലത്ത് അദ്ദേഹം കേരള സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. 2000-ലെ മഹാജൂബിലി വര്‍ഷത്തില്‍ ജനുവരി ഒന്നാം തീയതി തന്റെ ബാച്ചിലെ മറ്റ് പത്തു പേരോടൊപ്പം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍വച്ച് അഭിവന്ദ്യ മാര്‍ ജോസഫ് പൗവത്തിലില്‍നിന്ന് വൈദികനായി അഭിഷിക്തനായി.

ഫാ. തോമസ് തറയില്‍ മൂന്ന് ഫൊറോന ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. അതിരമ്പുഴ (2000), നെടുംകുന്നം (2001), കോയില്‍മുക്ക് – എടത്വാ (2003) എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് ഇടവക വികാരിയായി. പിന്നീട്, ഉപരിപഠനത്തിനായി റോമിലേക്ക് അയയ്ക്കപ്പെടുന്നതിനുമുമ്പ് 2004-ല്‍ താഴത്തുവടകര ഇടവകയുടെ വികാരി അഡ്മിനിസ്‌ട്രേറ്ററായിരുന്നു. തുടര്‍ന്ന് അദ്ദേഹം റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. റോമില്‍നിന്നു മടങ്ങിയെത്തിയ ഉടന്‍തന്നെ ഫാ. തോമസ് 2011-ല്‍ റവ. ഡോ. തോമസ് തൈപ്പറമ്പിലിന്റെ പിന്‍ഗാമിയായി ആലപ്പുഴയിലെ പുന്നപ്രയിലുള്ള ദനഹാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോര്‍മേഷന്‍ ആന്‍ഡ് കൗണ്‍സിലിംഗിന്റെ ഡയറക്ടറായി നിയമിതനായി. ‘ഫോര്‍മേറ്റര്‍ ഓഫ് ഫോര്‍മേറ്റര്‍’ എന്ന നിലയില്‍ അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പുതിയ ഉയരങ്ങളിലേക്കു നയിച്ചു. 2012 മുതല്‍ അദ്ദേഹം അതിരൂപതാ കണ്‍സള്‍ട്ടറാണ്.

2012 മുതല്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, പുണെയിലെ നാഷണല്‍ വൊക്കേഷന്‍ സര്‍വീസ് സെന്റര്‍, ധര്‍മ്മാരം വിദ്യാക്ഷേത്രം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോര്‍മാറ്റേഴ്‌സ് ബെംഗളൂരു എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന് ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. മനഃശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും വ്യാപകമായ അംഗീകാരം നേടിയിരുന്നു.

ഒരു മികച്ച സൈക്കോളജിസ്റ്റ്, ധ്യാനഗുരു എന്ന നിലയില്‍ അദ്ദേഹം അറിയപ്പെടുന്നു. കുട്ടികള്‍, യുവജനങ്ങള്‍, അത്മായര്‍, സെമിനാരിക്കാര്‍, സന്യാസിനിമാര്‍, വൈദികര്‍, ബിഷപ്പുമാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവരെ അദ്ദേഹം ധ്യാനിപ്പിക്കുന്നു.

സീറോമലബാര്‍ സഭയിലെ ബിഷപ്പുമാരുടെ സിനഡ് 2017 ജനുവരി 14-ന് ഡോ. തോമസ് തറയിലിനെ ചങ്ങനാശേരി സഹായമെത്രാനായി തിരഞ്ഞെടുത്തു. 2017 ഏപ്രില്‍ 23-ന് ചങ്ങനാശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കൈവയ്പ്പു ശുശ്രൂഷ വഴി സഹായമെത്രാനായി അഭിഷിക്തനായി. തിരുവനന്തപുരം, കൊല്ലം, അമ്പൂരി ഫൊറോനകള്‍ ഉള്‍പ്പെടുന്ന അതിരൂപതയുടെ തെക്കന്‍ മേഖലയിലായിരുന്നു മാര്‍ തോമസ് തറയില്‍ കൂടുതലായും പ്രവര്‍ത്തിച്ചത്.

ഇപ്പോള്‍ ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിതനാകുമ്പോള്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഇരട്ടിക്കുകയാണ്. അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന് അഭിനന്ദനങ്ങളും ആശംസകളും.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

 

Latest News