ഇന്തോനേഷ്യയിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. സുമാത്രയിലെ മരാപ്പി പർവതത്തിൽ കാണാതായ 10 കാൽനടയാത്രക്കാർക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തുടർച്ചയായി സ്ഫോടനം ഉണ്ടായതിനാൽ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് തിങ്കളാഴ്ച കാണാതായവര്‍ക്കായുള്ള തിരച്ചിൽ നിർത്തിവച്ചിരുന്നു. ഇത് ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചതിനു പിന്നാലെയാണ് രണ്ടു മൃതദേഹങ്ങള്‍ക്കുടി കണ്ടെത്തിയത്. സ്ഫോടനത്തിന്‍റെ പശ്ചത്തലത്തില്‍ പ്രദേശത്തുണ്ടായിരുന്ന 75 ഒാളം കാൽനടയാത്രക്കാരായ സഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതരെ ഉദ്ധരിച്ച് ബി. ബി. സി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 200 ല്‍ അധികം ആളുകളുടെ നേതൃത്വത്തിലാണ് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നത്. അഗ്നിപർവ്വതം ഇപ്പോഴും പൊട്ടിത്തെറിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ 127 അഗ്നിപർവ്വതങ്ങളിൽ ഏറ്റവും സജീവമായ ഒന്നാണ് മരാപ്പി പർവ്വതം, കാൽനടയാത്രക്കാർക്കിടയിൽ ഇത് ജനപ്രിയമാണ്. ജനുവരി മുതൽ ഫെബ്രുവരി വരെ ചാരം പൊട്ടിത്തെറിച്ചതിനാൽ കഴിഞ്ഞ ജൂണിലാണ് ചില പാതകൾ തുറന്നത്. 1979-ൽ 60 പേർ മരിച്ചതാണ് മറാപ്പിയുടെ ഏറ്റവും മാരകമായ സ്‌ഫോടനം.