പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ഘാനയിലെ അശാന്റിയിലാണ് 2 കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ച രണ്ട് രോഗികളും മരണപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ലോകത്തിലെ ഏറ്റവും അപകടകരമായ വൈറസുകളില്‍ ഒന്നാണ് മാര്‍ബര്‍ഗ്. വൈറസ് ബാധിക്കുന്ന പത്തില്‍ 9 പേരും മരണപ്പെടാന്‍ സാധ്യതയുണ്ട്. 1967ല്‍ പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. വാക്സിന് ലബോറട്ടറികളില്‍ ജോലി ചെയ്ത 2പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരിലേക്ക് കുരങ്ങുകളില്‍ നിന്ന് പനി പകരുകയായിരുന്നു.
മാര്‍വ്, റാവ് എന്നീ രണ്ട് വകഭേദങ്ങളാണ് വൈറസിന് ഉള്ളത്. കടുത്ത പനി, ഛര്‍ദ്ദി പേശിവേദന, നാഡീവ്യവസ്ഥയുടെ സ്തംഭനം എന്നിവയാണ് രോഗലക്ഷണങ്ങളായി കാണപ്പെടുന്നത്. രോഗിയുടെ സ്രവങ്ങള്‍, മുറിവുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്.