കാനഡയുടെ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ അടുത്ത നേതാവാകാനുള്ള മത്സരത്തിൽ മുൻ സെൻട്രൽ ബാങ്കർ മാർക്ക് കാർണിക്ക് വിജയം. മാർക്ക് കാർണി പ്രധാനമന്ത്രിയാകുമെന്നാണ് കഴിഞ്ഞ ദിവസത്തെ ഔദ്യോഗിക ഫലങ്ങൾ വ്യക്തമാക്കുന്നത്.
ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി മാർക്ക് കാർണി സ്ഥാനമേൽക്കും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിലുള്ള ദീർഘകാല സഖ്യകക്ഷിയായ അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിനിടയിൽ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് കാർണി അധികാരത്തിലേക്ക് എത്തുന്നത്.
1,52,000 ൽ താഴെ പാർട്ടി അംഗങ്ങൾ വോട്ട് ചെയ്ത മത്സരത്തിൽ 59 കാരനായ കാർണിക്ക് ലഭിച്ചത് 86% വോട്ടുകളാണ്. മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനെക്കാളും ഉയർന്ന വോട്ടുകൾ നേടിയാണ് കാർണി അധികാരത്തിലെത്തുന്നത്.
പാർട്ടിസമ്മേളനത്തിൽ ട്രംപിനെതിരെ കാർണി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. ‘നമ്മുടെ സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളുണ്ടെന്നും കനേഡിയൻ തൊഴിലാളികളെയും കുടുംബാഗങ്ങളെയും ബിസിനസ്സുകാരെയും ആക്രമിക്കുകയാണെന്നും’ സമ്മേളത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
ഒൻപതു വർഷം അധികാരത്തിലായിരുന്നശേഷം ജനുവരിയിലാണ് ട്രുഡോ സ്ഥാനമൊഴിയുന്നത്. താൻ സ്ഥാനം ഒഴിയുകയാണെന്ന് കഴിഞ്ഞ ജനുവരിയിൽ ട്രൂഡോ പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഭരണകക്ഷിയായ ലിബറൽ പാർട്ടിയെ, അദ്ദേഹത്തെ മാറ്റിസ്ഥാപിക്കാനും പെട്ടെന്നുള്ള മത്സരം നടത്താനും നിർബന്ധിതരാക്കി. കാനഡയുടെ കയറ്റുമതിയെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയെ തളർത്താൻ സാധ്യതയുള്ള താരിഫുകൾ ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി നിലനിൽക്കെ ചർച്ചകൾക്ക് മേൽനോട്ടം വഹിക്കാനും പാർട്ടിയെ പുനരുജീവിപ്പിക്കാനും ഏറ്റവും നല്ല സ്ഥാനത്ത് താനാണെന്ന് കാർണി പറയുന്നു.