വിവാഹാഭ്യാര്‍ഥന വിവാഹത്തില്‍ എത്തിയില്ലെങ്കില്‍ അത് വഞ്ചനാകുറ്റമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഒരു വിവാഹ ആലോചന മുന്നോട്ട് വയ്ക്കുന്നതിന് പലകാരണങ്ങളുണ്ടാകും, എന്നാല്‍ വിവാഹ ആലോചന വിവാഹത്തിലേയ്ക്ക് എത്തിയില്ലെങ്കില്‍ അത് വഞ്ചനാകുറ്റമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയയും പ്രസന്ന ബി വരാലെയും പറഞ്ഞു. രാജു കൃഷ്ണ ഷെഡ്ബാല്‍ക്കര്‍ എന്ന വ്യക്തിയുമായി വിവാഹം തീരുമാനിച്ച പെണ്‍കുട്ടി നല്‍കിയ കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
വിവാഹവാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് രാജു കൃഷ്ണ ഷെഡ്ബാല്‍ക്കറുമായി വിവാഹാലോചന നടത്തിയ സ്ത്രീ പരാതി നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ സഹോദരന്മാരും സഹോദരിയും അമ്മയും തന്നെ ചതിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നുവെന്നും ഇതിനു ശേഷം ഇരുവരും തമ്മില്‍ സംസാരിച്ചു തുടങ്ങിയെന്നും യുവതി പറയുന്നു. വിവാഹമണ്ഡപത്തിനായി യുവതിയുടെ അച്ഛന്‍ 75000 രൂപ ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ രാജു കൃഷ്ണ ഷെഡ്ബാല്‍ക്കര്‍ മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലാണ് യുവതി പരാതി നല്‍കിയത്.
രാജു കൃഷ്ണ ഷെഡ്ബാല്‍ക്കര്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ക്കെതിരെയുള്ള കേസ് കര്‍ണാടക ഹൈക്കോടതി റദ്ദ് ചെയ്തു. എന്നാല്‍ വിവാഹമണ്ഡപം ബുക്ക് ചെയ്യാന്‍ യുവതിയുടെ പിതാവിനെ പ്രേരിപ്പിച്ചതിനാല്‍ രാജു കൃഷ്ണ ഷെഡ്ബാല്‍ക്കര്‍ക്കെതിര പ്രഥമദൃഷ്ട്യാ കേസെടുക്കാം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സെക്ഷന്‍ 417 പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന വഞ്ചനാ കുറ്റം ചുമത്തി. 2021-ലെ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ രാജു കൃഷ്ണ ഷെഡ്ബാല്‍ക്കര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു
എന്നാല്‍ ഇയാള്‍ മനപൂര്‍വം യുവതിയെ ചതിക്കുകയായിരുന്നു എന്നതിന് തെളിവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രോസിക്യൂഷന് മുമ്പാകെ അത്തരം തെളിവുകളൊന്നുമില്ലാത്തതിനാല്‍ വഞ്ചനാകുറ്റം നിലനില്‍ക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതി, രാജു കൃഷ്ണ ഷെഡ്ബാല്‍ക്കര്‍ക്ക് എതിരെയുള്ള വഞ്ചന കേസ് തള്ളിക്കളഞ്ഞു.