Monday, November 25, 2024

പ്രശസ്ത സാമൂഹിക പ്രവർത്തക മേരി റോയ് അന്തരിച്ചു

സാമൂഹിക പ്രവർത്തക മേരി റോയി (86) അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത്.

മേരി റോയിയുടെ മക്കൾ ആണ് പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. 1933 ൽ കോട്ടയം അയ്മനത്താണ് മേരി റോയിയുടെ ജനനം. ഡൽഹി ജീസസ് മേരി കോൺവെന്റിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ചെന്നൈ ക്വീൻ മേരീസ് കോളജിൽ നിന്ന് ബിരുദം നേടി.

പിതൃസ്വത്തിനെ സംബന്ധിച്ചുള്ള മേരി റോയിയുടെ നിയമപോരാട്ടത്തിനൊടുവിൽ, 1916 ലെ തിരുവിതാംകൂർ ക്രിസ്തീയ പിന്തുടർച്ചാ അവകാശ നിയമം അസാധുവാണെന്നും വിൽപത്രമെഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണെന്നുമുള്ള സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.

1967 ൽ കോട്ടയത്തു സ്ഥാപിച്ച കോർപസ് ക്രിസ്റ്റി എന്ന സ്കൂളാണ് പിന്നീട് പള്ളിക്കൂടം എന്നറിയപ്പെട്ടത്. പരമ്പരാഗത വിദ്യാഭ്യാസ സങ്കൽപങ്ങളെ പൊളിച്ചെഴുതിയ സ്കൂൾ ഇന്ന് വളരെ പ്രശസ്തമാണ്. ബുക്കർ സമ്മാനം നേടിയ ആദ്യ നോവൽ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ അരുന്ധതി റോയ് സമർപ്പിച്ചിരിക്കുന്നത് അമ്മക്കാണ്.

Latest News