സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്ക്. ട്വിറ്ററിൽ കൂടി തന്നെയാണ് മസ്കിന്റെ രാജി പ്രഖ്യാപനം. അഭിപ്രയ സർവേയിൽ തിരിച്ചടി നേരിട്ടതോടെയാണ് സ്ഥാനം ഒഴിയുന്നത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ട്വിറ്റർ മേധാവി സ്ഥാനത്ത് നിന്ന് താൻ ഒഴിയണമോ എന്നു ചോദിച്ച് സിഇഒ ഇലോൺ മസ്ക് അഭിപ്രായ സർവേ നടത്തിയിരുന്നു. ട്വിറ്ററിൽ കൂടി തന്നെയാണ് മസ്ക് അഭിപ്രായ സർവ്വേയും നടത്തിയത്. വോട്ടെടുപ്പ് തുടങ്ങി എട്ടുമണിക്കൂർ പിന്നിട്ടപ്പോൾ 175 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 57.5 ശതമാനം പേർ മസ്ക് ഒഴിയണമെന്നും 42.5 ശതമാനം ആളുകൾ മസ്കിന് പിന്തുണയും അറിയിച്ചു. അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താൻ അംഗീകരിക്കുമെന്നും മസ്ക് ഉറപ്പു നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മസ്‌ക് സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം രാജി പ്രഖ്യാപനത്തിലും പരിഹാസത്തോടെയാണ് മസ്കിൻറെ പടിയിറക്കം. “ചുമതല ഏറ്റെടുക്കാൻ വിഡ്ഢിയായ ആളെ കണ്ടെത്തുമ്പോൾ പദവിയൊഴിയും” മസ്ക് ട്വിറ്ററിൽ കൂടി പ്രതികരിച്ചു.