Saturday, April 19, 2025

കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്താനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും അഞ്ച് ശതമാനം കടന്നതോടെ, കൊറോണ വൈറസ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്നും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ രാജ്യ തലസ്ഥാനത്ത് കോവിഡ്-19 പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തില്‍ നിന്ന് 5.33 ശതമാനമായി ഉയര്‍ന്നു.

ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (ഡിഡിഎംഎ) ഏപ്രില്‍ 20 ന് സ്ഥിതിഗതികള്‍ വിലയിരുത്താനിരിക്കെയാണ്, കേസുകളുടെ പ്രതിദിന കുതിച്ചുചാട്ടവും പോസിറ്റീവ് നിരക്കിലെ പ്രധാന വര്‍ദ്ധനവും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ശനിയാഴ്ച, നഗരത്തില്‍ 461 കേസുകള്‍ രേഖപ്പെടുത്തി, 5.33 ശതമാനം പോസിറ്റിവിറ്റി നിരക്കും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ 366 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കേസുകളുടെ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ പരിശോധന വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ എടുത്തുപറഞ്ഞു. അതേസമയം ഇപ്പോള്‍ മറ്റ് ‘കടുത്ത നിയന്ത്രണങ്ങളൊന്നും ആവശ്യമില്ല’ എന്ന് അവര്‍ പറഞ്ഞു.

‘ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ കോവിഡ് പരിശോധനയ്ക്ക് പോകുന്നില്ല. എന്നാല്‍ ഇപ്പോള്‍, കേസുകളുടെ വര്‍ദ്ധനവും പോസിറ്റിവിറ്റി നിരക്ക് വീണ്ടും അഞ്ച് ശതമാനത്തിലേറെയും ഉള്ളതിനാല്‍, രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയ്ക്ക് പോകാന്‍ ആളുകള്‍ തയ്യാറാകണം. ”ഹോം ഐസൊലേഷനായി പോകുന്നവര്‍ പോലും പരിശോധനയ്ക്ക് പോകണം,” എല്‍എന്‍ജെപി ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു.

വലിയ ഒത്തുചേരലുകള്‍ ഇപ്പോള്‍ ഒഴിവാക്കണമെന്നും ആളുകള്‍ മാസ്‌ക് ധരിക്കുകയും കോവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരണമെന്നും ഡല്‍ഹിയിലെ സാഹചര്യം കണക്കിലെടുത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുകയും വേണമെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ പ്രധാന കോവിഡ് -19 ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ തലവനുമായ ഡോ റിതു സക്സേന പറഞ്ഞു. മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തുന്നത് ഡല്‍ഹി സര്‍ക്കാര്‍ ഏപ്രില്‍ രണ്ടിന് നിര്‍ത്തിവച്ചിരുന്നു.

 

Latest News