Monday, November 25, 2024

ചൈനയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി; ഡല്‍ഹിയിലും പ്രകമ്പനം

ചൈനയിലെ തെക്കന്‍ സിന്‍ജിയാങ്ങില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും അനുഭവപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കിര്‍ഗിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് തെക്കന്‍ സിന്‍ജിയാങ്. ഇന്ത്യന്‍ സമയം രാത്രി 11.29 ന് ആണ് ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഡല്‍ഹിയിലെ ചില പ്രദേശങ്ങളിലുമുണ്ടായി. 80 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി എക്‌സില്‍ കുറിച്ചു.

ചൈനയില്‍ ഭൂചലനത്തില്‍ 47 പേര്‍ മണ്ണിനടിയിലായതായി റിപ്പോര്‍ട്ടുണ്ട്. 200-ലധികം ആളുകളെ പ്രദേശത്ത് നിന്ന് അടിയന്തിരമായി ഒഴിപ്പിച്ചു. യുനാന്‍ പ്രവിശ്യയിലെ ഷെന്‍സിയോങ് കൗണ്ടിയില്‍ പുലര്‍ച്ചെ 5:51 നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ചൈനയില്‍ പ്രകൃതിദുരന്തങ്ങള്‍ വര്‍ധിക്കുന്നുണ്ട്.

ജനുവരി 11 ന് അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ നേരിയ ഭൂചലനത്തില്‍ ഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. കാബൂളില്‍ നിന്ന് 241 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം പാകിസ്താനിലും അനുഭവപ്പെട്ടിരുന്നു.

 

 

Latest News