Tuesday, November 26, 2024

ചൈനയിൽ വൻ ഭൂചലനം: 10 പേർക്ക് പരിക്ക്, വീടുകൾ തകർന്നു

കിഴക്കന്‍ ചൈനയിൽ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സംഭവത്തിൽ നിരവധി വീടുകള്‍ തകരുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാൽ ഭൂകമ്പത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ നിന്ന് 300 കിലോമീറ്റര്‍ തെക്ക് ദെഷൗ നഗരത്തിന് സമീപം പുലര്‍ച്ചെ 2:33 നാണ് ഭൂചലനം ഉണ്ടായതെന്ന് ചൈന ഭൂകമ്പ നെറ്റ്വര്‍ക്ക് സെന്റര്‍ അറിയിച്ചു. 5.4 തീവ്രത രേഖപ്പെടുത്തിയതായാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചത്. ഭൂകമ്പത്തില്‍ 74 വീടുകള്‍ തകരുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും
ചൈന സെന്‍ട്രല്‍ ടെലിവിഷനും (CCTV) മറ്റ് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.

ഭൂകമ്പത്തില്‍ റെയില്‍ പാതകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് ചൈന ന്യൂസ് സര്‍വീസ് അറിയിച്ചു.
പൈപ്പുകള്‍ തകരാറിലായതിനാല്‍ ചിലയിടങ്ങളില്‍ ഗ്യാസ് വിതരണം നിര്‍ത്തിയതായി സിസിടിവി അറിയിച്ചു.

Latest News