Monday, November 25, 2024

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം

ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരവധി വീടുകള്‍ കത്തിനശിച്ചതായും പ്രദേശത്ത് കറുത്ത പുകപടലങ്ങള്‍ രൂപപ്പെട്ടതായുമാണ് വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഏകദേശം ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. ഇതില്‍ മിക്ക അഭയാര്‍ത്ഥികളും 2017 ല്‍ മ്യാന്‍മറില്‍ നിന്നും പലായനം ചെയ്തവരാണ്. മുളകൊണ്ട് നിര്‍മ്മിച്ച താത്കാലിക വീടുകളാണ് തീപിടുത്തത്തില്‍ കത്തിയമര്‍ന്നത്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കോക്സ് ബസാറിലെ അഡീഷണല്‍ പോലീസ് സൂപ്രണ്ട് റഫീഖുല്‍ ഇസ്ലാം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. തീ നിയന്ത്രണവിധേയമാണെന്നും അഗ്നിശമനസേന, പോലീസ്, അഭയാര്‍ത്ഥി ദുരിതാശ്വാസ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയോര മേഖലയായ കോക്സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മുന്‍പും സമാനമായ തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2021 മാര്‍ച്ചില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 15 അഭയാര്‍ത്ഥികള്‍ മരണപ്പെടുകയും പതിനായിരത്തിലധികം വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.

Latest News