Tuesday, November 26, 2024

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: പിടിച്ചെടുത്തത് ഒരു കോടിയോളം രൂപ വരുന്ന സ്വര്‍ണ്ണം

കരിപ്പൂർ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച പെൺകുട്ടി പോലീസ് പിടിയില്‍. ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണ്ണം കഴിഞ്ഞ ദിവസമാണ് പോലീസ് പിടിച്ചെടുത്തത്. കാസർഗോഡ് സ്വദേശിനിയായ ഷെഹ്︋ല എന്ന 19 വയസുകാരിയില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

ദുബായില്‍ നിന്നും നാട്ടിലെത്തിയ പെണ്‍കുട്ടി സ്വര്‍ണം വസ്ത്രത്തില്‍ തുന്നി പിടിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. ദുബായിൽ നിന്നു വന്ന ഫ്ലെെറ്റിൽ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വിമാനത്താവളത്തിലെ പരിശോധനയിൽ സ്വർണ്ണമൊന്നും കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞില്ല. എന്നാല്‍ കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരി സ്വർണ്ണം കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എയർപോർട്ടിന് പുറത്ത് നടത്തിയ പരിശോധനയിലാണ് ഷെഹ്︋ല പിടിയിലായത്.

പരിശോധനയില്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ലഗേജുകൾ പരിശോധിക്കുകയും തുടര്‍ന്ന് ദേഹപരിശോധന നടത്തുകയുമായിരുന്നു. ദേഹപരിശോധനയിലാണ് വസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി ഒളിപ്പിച്ച സ്വർണ്ണം പൊലീസ് കണ്ടെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന എൺപത്തിയാറാമത്തെ സ്വർണക്കടത്ത് കേസാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Latest News