മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് പാക്കിസ്ഥാനിൽ വൻ കലാപം അരങ്ങേറുന്നു. അറസ്റ്റിനെതിരെ പ്രതികരിച്ചുകൊണ്ട് പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ കോംപൗണ്ടിലേക്കും പ്രതിഷേധക്കാർ ആക്രമണം നടത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതിഷേധങ്ങളെ തുടർന്ന് പാക്കിസ്ഥാനിൽ ആദ്യം സാമൂഹ്യമാധ്യമങ്ങളുടെ പ്രവർത്തനവും പിന്നീട് മൊബൈൽ, ഇന്റർനെറ്റ് സംവിധാനങ്ങളും നിരോധിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള നിർദ്ദേശപ്രകാരമാണിതെന്ന് ടെലികോം അധികൃതർ അറിയിച്ചു. പ്രതിഷേധക്കാർ പല സ്ഥലങ്ങളിലും വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. സൈനിക മന്ദിരങ്ങൾ ആക്രമിച്ചതും കൊള്ളയടിച്ചുമാണ് പ്രതിഷേധക്കാർ മുന്നേറുന്നത്. ഇസ്ലാമാബാദിൽ നടന്ന പ്രതിഷേധത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു.
ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് ഇമ്രാൻ ഖാൻ അർധസൈനിക വിഭാഗത്തിന്റെ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിനു പിന്നാലെതന്നെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു.