സച്ചിന് ടെണ്ടുല്‍ക്കര്‍ എന്നാല്‍ ഇന്ത്യക്കാര്‍ക്ക് എല്ലാമാണ്. ഒരു താരം തന്‍റെ കരിയറവസാനിക്കുമ്പോള്‍ ലോകം, നനഞ്ഞ കണ്ണുകളോടെ യാത്രയാക്കിയ സംഭവം ചരിത്രത്തില്‍ വിരളമാണ്. രണ്ടു പതിറ്റാണ്ട് കാലം ഇന്ത്യൻ ക്രിക്കറ്റിന്‍റെയും ലോകക്രിക്കറ്റിന്‍റെയും നെടും തൂണായി സച്ചിന്‍ തുടര്‍ന്നതാവാം ഇതിനു കാരണം. 2009 ല്‍ പുറത്തിറങ്ങിയ ഒരു പുസ്തകത്തിന്‍റെ പേര് ‘ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിന്‍ അതിന്‍റെ ദൈവമാണ്’ എന്നാണ്. ക്രിക്കറ്റ് കളിയില്‍ പകരക്കാരനില്ലാത്ത സച്ചിന്‍ എന്ന ഇതിഹാസ താരത്തിനു മറ്റെന്തു വിശേഷണം നല്‍കും.
അര്‍ധ സെഞ്ചുറികള്‍ക്കായും, സെഞ്ചുറികള്‍ക്കായും മൈതാനത്തിന്‍റെ ഒരോ കോണുകളിലേക്കും ബാറ്റു വീശി ക്രക്കറ്റ് പ്രേമികളില്‍ ആവേശം നിറച്ച സച്ചിനെന്ന പ്രതിഭാശാലി തന്‍റെ ജീവിതത്തിലും ഇന്ന് ഹാഫ് സെഞ്ചുറി പൂര്‍ത്തിയാക്കുകയാണ്. പതിനാറാം വയസ്സില്‍ അരങ്ങേറ്റ മത്സരത്തില്‍ ക്രീസില്‍ ചോര വീണിട്ടും പതറാതെ നിന്ന ആ 16 കാരന്‍റെ അതേ വീര്യത്തോടെയാണ് അമ്പതിന്‍റെ നിറവിലും സച്ചിന്‍ തുടരുന്നത്. അതിനു മറ്റൊരു കാരണവുമുണ്ട്. മറ്റൊരു സച്ചിനായി ഉയരങ്ങള്‍ കീഴടക്കാന്‍ തന്‍റെ മകനായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ പരുവപ്പെടുത്തിയെടുത്തതിനാലാണ്.
ക്രക്കറ്റിലെ അരങ്ങേറ്റം
1973 ഏപ്രില്‍ 23 -ന് മറാത്തി കവി രമേഷ് ടെണ്ടുൽക്കറുടെയും രജനി ടെണ്ടുൽക്കറുടെയും നാലാമത്തെ മകനായി മുംബൈയിലാണ് സച്ചിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 12-ാം വയസ്സില്‍ ക്രിക്കറ്റിനായി തന്‍റെ മനസ്സു ശരീരവും സച്ചിന്‍ വിട്ടുകൊടുത്തു. പിന്നീട് ഒരോ മത്സരങ്ങള്‍ പിന്നിടുമ്പോഴും തന്‍റെ വഴി ഇതു തന്നെയാണെന്നു സച്ചിന്‍ ഉറപ്പിച്ചു. എന്നെങ്കിലും താന്‍ ഇന്ത്യക്കായി കളിക്കുമെന്നു ബോധ്യമുണ്ടായിരുന്നു എങ്കിലും അത് എന്ന് എന്ന ചോദ്യം തന്നെ അലട്ടിയിരുന്നതായി സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് സച്ചിനു വേണ്ടി മാത്രമുള്ളതാണെന്നു തെളിയിച്ചു കൊണ്ടാണ് പിന്നീട് അവസരം തേടിയെത്തിയത്. 1989 നവംബർ 15-ന് കറാച്ചിയിൽ പാക്കിസ്താനെതിരെ തന്റെ അന്താരാഷ്‌ട്ര അരങ്ങേറ്റം അദ്ദേഹം നടത്തി. കറാച്ചി മൈതാനിയില്‍ നിന്ന അതികായൻമാർക്കിടയിൽ സച്ചിനെന്ന ചെറുപ്പക്കാരൻ ബാറ്റുമേന്തി നിൽക്കുമ്പോൾ ലോകം പ്രതീക്ഷിച്ചുകാണില്ല അതൊരു ബാറ്റിങ് ഇതിഹാസത്തിന്റെ കരിയറിന്റെ തുടക്കമാണെന്ന്. പിന്നീട് ക്രിക്കറ്റ് മത്സരം സച്ചിനിലേക്കു ഒതുങ്ങുന്ന കാഴ്ചയാണ് ലോകം കണ്ടത്. 200 ടെസ്റ്റ് മത്സരങ്ങൾ, 53.78 ശരാശരിയിൽ 15921 റൺസും 46 വിക്കറ്റും. ഇതിൽ 51 സെഞ്ച്വറിയും 68 അർധ സെഞ്ച്വറിയും. 463 ഏകദിനത്തിൽ നിന്ന് 44.83 ശരാശരിയിൽ 49 സെഞ്ച്വറിയും 96 അർധ സെഞ്ച്വറിയും ഉൾപ്പെടെ 18426 റൺ. 25 വയസ്സിനിടയില്‍ 16 ടെസ്റ്റ് സെഞ്ചുറികള്‍ തികയ്ക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
പാക്കിസ്ഥാനുവേണ്ടി കളിച്ച ഇന്ത്യന്‍ താരം
റെക്കോര്‍ഡുകള്‍ പലതും സ്വന്തം പേരിലാക്കിയ സച്ചിന്‍ പാക്കിസ്ഥാനു വേണ്ടിയും മൈതാനിയില്‍ ഇറങ്ങി. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തില്‍ 1987 ലാണ് ഇത്. പരിശീലന മത്സരത്തിൽ പകരക്കാരനായി പാക് ടീമിനു വേണ്ടി ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു സച്ചിന്‍. 2 വർഷത്തിനു ശേഷം ഇതേ ടീമിന് എതിരായാണ് സച്ചിന്‍ അരങ്ങേറ്റം നടത്തിയത്.
കളിക്കുന്ന രീതി
തന്‍റേതായ ശൈലിയില്‍ വലതു കൈ കൊണ്ട് ബാറ്റും ബോളും കൈകാര്യം ചെയ്യുന്നതാണ് സച്ചിന്‍ സ്റ്റൈല്‍.
പരിശീലനത്തിനിടയിൽ ഇടതു കൈ കൊണ്ടും പന്തുകൾ എറിയാറുണ്ട്. ഫീൽഡിലെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കി സമതുലിതമായാണ് സച്ചിൻ പലപ്പോഴും ബാറ്റ് ചെയ്യുന്നത്. പന്ത് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അനായാസം അടിക്കാൻ കഴിയും. കോളമിസ്റ്റായ ബാലിന്റെ അഭിപ്രായത്തിൽ ബാക്ക്-ഫൂട്ട് പഞ്ച് ആണ് സച്ചിന്റെ മുദ്ര പതിഞ്ഞ ഷോട്ട്.
ഒരു ബൗളർ അല്ലെങ്കിലും മീഡിയം പേസ്, ലെഗ് സ്പിൻ, ഓഫ് സ്പിൻ തുടങ്ങിയ എല്ലാ രീതിയിലും സച്ചിൻ അനായാസം പന്തെറിയുമായിരുന്നു. എതിർ ടീമിലെ ബാറ്റ്സ്മാൻമാർ ഒരു വലിയ ഇന്നിംഗ്‌സ് പടുത്തുയർത്തുമ്പോൾ ആ കൂട്ടു കെട്ട് പൊളിക്കാൻ മിക്കവാറും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാർ സച്ചിനെ ചുമതലപ്പെടുത്തിയിരുന്നു. സച്ചിന്റെ മികച്ച ബൗളിംഗ് മൂലം ഇന്ത്യ ചില മത്സരങ്ങളില്‍ ജയിച്ചിട്ടുമുണ്ട്.
പ്രതികാരം അത് വീട്ടനുള്ളതാണ്
2006 കാലഘട്ടത്തില്‍ സച്ചിന്‍ തുടര്‍ച്ചയായി നിറം മങ്ങുകയായിരുന്നു. മാർച്ച് 19ന് ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംങ്സിൽ 21 പന്തിൽനിന്ന് വെറും ഒരു റണ്ണാണ് സച്ചിൻ നേടിയത്. പുറത്തായ ശേഷം പവലിയനിലേക്ക് മടങ്ങിയ സച്ചിനെ ഒരു കൂട്ടം കാണികൾ കൂക്കി വിളിച്ചു. ആദ്യമായാണ് സച്ചിന് കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടി വന്നത്. മൂന്ന് ടെസ്റ്റുകളുൾപ്പെട്ട ആ പരമ്പരയിൽ ഒരു അർദ്ധ സെഞ്ച്വറി പോലും നേടാൻ സച്ചിനായില്ല.
പിന്നീട്, മലേഷ്യയിൽ നടന്ന ഡി.എൽ.എഫ് കപ്പില്‍ പ്രതികാരം വീട്ടികൊണ്ട് സച്ചിന്‍ ഫോമിലേക്ക് മടങ്ങിയെത്തി. ആ പരമ്പരയിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ തിളങ്ങാനായത് സച്ചിന് മാത്രമായിരുന്നു. മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ തന്നെ (2006 സെപ്റ്റംബർ 14ന് വെസ്റ്റ് ഇൻഡീസിനെതിരെ) സച്ചിന്റെ ക്രിക്കറ്റ് ജീവിതം മടങ്ങി വരാനാവാത്തതു പോലെ വഴുതി പോവുകയാണെന്ന് വിശ്വസിച്ച വിമർശകർക്ക് അദ്ദേഹം തന്റെ 40 ാം ഏകദിന സെഞ്ച്വറിയിലൂടെ ചുട്ട മറുപടി നൽകി. സച്ചിൻ പുറത്താകാതെ 141 റൺസ് നേടിയെങ്കിലും മഴ തടസ്സപ്പെടുത്തിയ കളിയിൽ ഡക്ക്‌വർത്ത്-ലൂയിസ് രീതിയിലൂടെ വെസ്റ്റ് ഇൻഡീസ് വിജയികളായി.
അംഗീകാരങ്ങള്‍
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററാണ് സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതിയും 2008-ൽ സച്ചിൻ സ്വന്തമാക്കി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ സജീവ കായിക താരം കൂടിയാണ് അദ്ദേഹം.
50ന്‍റെ നിറവിലെ ആഘോഷം
ഐപിഎല്ലിലെ തന്‍റെ ടീമായ മുംബൈക്കൊപ്പമാണ് സച്ചിന്‍റെ അമ്പതാം ജന്മദിനാഘോഷം. മകന്‍ തന്‍റെ ഐപിഎല്‍ ടീമില്‍ മത്സരിക്കുന്നതാണ് ഇതിനു കാരണം. മുംബൈ ഇന്ത്യന്‍സിന്‍റെ ഡഗൗട്ടിനു സമീപം കേക്ക് മുറിച്ചായിരുന്നു ജന്മദിന മധുരം അദ്ദേഹം സ്വീകരിച്ചത്. പ്രായം 50 ല്‍ എത്തിയതാണ് തന്‍റെ ഏറ്റവും വേഗത കുറഞ്ഞ അര്‍ധ സെഞ്ചുറിയെന്നും ആഘോഷങ്ങള്‍ക്കിയില്‍ അദ്ദേഹം താമാശരൂപേണ പറഞ്ഞു.