പുതുക്കിയ പ്ലസ് വണ്‍ രാഷ്ട്രമീമാംസ പാഠപുസ്തകത്തില്‍ നിന്നും കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കി എന്‍. സി. ഇ. ആര്‍. ടി. സ്വാതന്ത്ര സമര സേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുള്‍ കലാം ആസാദുമായി ബന്ധപ്പെട്ട വിവരങ്ങളും ജമ്മുകാശ്മീരിനെ ഇന്ത്യയുമായി കൂട്ടിച്ചേര്‍ത്ത ഭാഗങ്ങളുമാണ് എന്‍. സി. ഇ. ആര്‍ ടി. ഒഴിവാക്കിയിരിക്കുന്നത്. നേരത്തെയും എന്‍. സി. ഇ. ആര്‍. ടി. പല ചരിത്ര സംഭവങ്ങളും ഒഴിവാക്കിയിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രമീമാംസയിലെ ആദ്യ ചാപ്റ്ററായ ‘ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ അറ്റ് വർക്ക്’ എന്ന ഭാഗത്തിൽ നിന്നാണ് ആസാദിനെ ഒഴിവാക്കിയത്. ഇന്ത്യന്‍ കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയിൽ എട്ട് പ്രധാനപ്പെട്ട കമ്മിറ്റികളുണ്ടായിരുന്നുവെന്ന് പ്രസ്തുത പാഠഭാഗത്തിൽ പറയുന്നുണ്ട്. പുസ്തകം പരിഷ്കരിക്കുന്നതിനു മുന്‍പ് ജവഹർലാൽ നെഹ്റു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാന ആസാദ്, അംബേദ്ക്കർ എന്നിവരെല്ലാം കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചുവെന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ,പാഠപുസ്തകത്തിന്‍റെ പരിഷ്കരിച്ച പതിപ്പില്‍ നിന്നും മൗലാന അബുൽ കലാം ആസാദിന്റെ പേര് വെട്ടുകയായിരുന്നു.
ഇന്ത്യൻ കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് ഇന്ത്യൻ ഭരണഘടനയുടെ ആദ്യ രൂപരേഖ തയാറാക്കിയത്. ഇതില്‍ നിർണായക സ്ഥാനം അബ്ദുള്‍ കലാം ആസാദ് വഹിച്ചിരുന്നു എന്നതാണ് ചരിത്രം. എന്നാല്‍ കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയുമായി ബന്ധപ്പെട്ട ഭാഗത്തുനിന്നും മൗലാന ആസാദിന്‍റെ പേരു വെട്ടിയതിനു പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. 2009ൽ തുടങ്ങിയ മൗലാന അബ്ദുള്‍ കലാം ആസാദ് ഫെലോഷിപ്പും കേന്ദ്രസർക്കാർ നേരത്തെ ഒഴിവാക്കിയിരുന്നു.